സ്പീക്കറുടെ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെ കെ കെ രമ എംഎൽഎയ്ക്ക് പരിക്കേറ്റു

തിരുവനന്തപുരം : സ്പീക്കറുടെ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ വടകര നിയമസഭാ മണ്ഡലം എംഎൽഎ കെ കെ രമയ്ക്ക് കൈക്ക് പരിക്കേറ്റു. നിയമസഭയിൽ പ്രതിഷേധിച്ച കെ.കെ രമ എം.എൽ.എ അടക്കമുള്ള പ്രതിപക്ഷ ജന പ്രതിനിധികളെ വാച്ച് ആൻഡ് വാർഡ് വലിച്ചിഴക്കുകയും മർദിക്കുകയും ചെയ്തു.
കെ കെ രമയ്ക്ക് വലതു കൈക്കാണ് പരിക്കേറ്റത്. വലത് കൈക്ക് നേരിയ മുറിവുമുണ്ട്. സമാധാനപരമായി മുദ്യാവാക്യം വിളിച്ച് പ്രതിഷേധിക്കുക എന്നതായിരുന്നു പ്രതിപക്ഷത്തിന്‍റെ ഉദ്ദേശം.
സ്പീക്കറുടെ ഓഫീസിന് മുന്നിലിരുന്ന പ്രതിഷേധിക്കുന്നതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് വാച്ച് ആൻഡ് വാർഡ് അപമര്യാദയായി പെരുമാറുകയും തട്ടികയറുകയും ചെയ്തു.
ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. പിന്നാലെ വാച്ച് ആൻഡ് വാർഡ് പ്രതിപക്ഷത്തിന് നേരെ തിരിയുകയായിരുന്നുവെന്ന് കെ കെ രമ പറഞ്ഞു. വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചെന്നും അമ്പലപ്പുഴ എംഎൽഎ എച്ച്. സലാം ചവിട്ടിയെന്നും കെ കെ രമ പ്രതികരിച്ചു.





