Kozhikode

വലിയമല നിറഞ്ഞ് കാട്ടുപന്നികൾ കൃഷിചെയ്യാനാകാതെ കർഷകർ

Please complete the required fields.




വടകര : കാട്ടുപന്നികളുടെ താവളമായി വില്യാപ്പള്ളി വലിയമല മാറിയതോടെ മലയുടെ ചുറ്റിലുമുള്ള പ്രദേശങ്ങളിൽ കൃഷി അസാധ്യമാകുന്നു. മേമുണ്ട, കൊളത്തൂർ തുടങ്ങിയ മേഖലകളിൽ എന്ത് കൃഷിചെയ്താലും പന്നികൾ നശിപ്പിക്കുന്ന സ്ഥിതിയാണ്. തെങ്ങ്, വാഴ, കിഴങ്ങുവർഗങ്ങൾ, പച്ചക്കറികൾ എന്നിവയെല്ലാം നശിപ്പിക്കുന്നുണ്ട്. ചുരുങ്ങിയസമയത്തിനിടെ മേമുണ്ട എം.ഇ.എസ്. കോളേജ് പരിസരത്തുമാത്രം അൻപതിലേറെ തെങ്ങിൻതൈകളും നൂറിലേറെ വാഴയും കാട്ടുപന്നികൾ നശിപ്പിച്ചു.

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മേമുണ്ടയിലെ കർഷകൻ കോമത്ത് നാണുവിന്റെ 15 തെങ്ങിൻതൈകളാണ് പന്നികൾ കിളച്ചുമറിച്ചിട്ടത്. മൂന്നും നാലും വർഷം പ്രായമായ തൈകളാണിത്. ഇതിന് സമീപം വലിയമലയുടെ തൊട്ടുതാഴെ പി.പി. ലതീഷിന്റെ പറമ്പിലെ തൈത്തെങ്ങ് കുത്തിമറിച്ചിട്ടു. എം.പി. ശാരദയുടെ പറമ്പിലെ തെങ്ങിൻതൈകളും നശിപ്പിച്ചു. ഈ പ്രദേശങ്ങളിൽ പന്നിക്കൂട്ടം നശിപ്പിച്ച വാഴക്കൃഷിക്ക് കണക്കില്ല. ഒട്ടേറെപ്പേരുടെ വാഴക്കൃഷി നശിച്ചു. കാട്ടപന്നികളെ പ്രതിരോധിക്കാൻ മതിലുംമറ്റും കെട്ടിയിട്ടുപോലും കാര്യമില്ലാത്ത സ്ഥിതിയാണ്. കോമത്ത് നാണുവിന്റെ രണ്ട് പറമ്പുകളുടെ ചുറ്റിലും മതിലുണ്ട്. അതുംകടന്ന് കാട്ടുപന്നി എത്തിയതോടെ ഈ ഭാഗത്തെ എല്ലാ കൃഷിയും ഭീഷണിയിലാണ്.

വലിയ തെങ്ങിൻതൈകൾവരെ കുത്തിക്കിളച്ച് അടിവശത്തെ കാമ്പും തേങ്ങയുമാണ് പന്നികൾ തിന്നുന്നത്. ഇതോടെ തൈകൾ നശിക്കും. വാഴ കുത്തിവീഴ്ത്തി ഉള്ളിലെ കാമ്പ് കഴിക്കും. ഇതിനുപുറമേയാണ് മുള്ളൻപന്നിശല്യവും. ഏതാണ്ട് നൂറേക്കറിലേറെ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കശുമാവിൻതോപ്പാണ് വലിയമല. കശുമാവ് കൃഷി പരിചരണം കുറഞ്ഞതോടെ കാട് വളർന്നുകിടക്കുകയാണ് മലയിൽ. ഇവിടെ ആൾപ്പെരുമാറ്റവും കുറവാണ്.

ഈ മലയും മലയുടെ താഴെയുള്ള ഒഴിഞ്ഞപറമ്പുകളും ചെങ്കൽക്കുഴികളുമെല്ലാമാണ് കാട്ടുപന്നികളുടെ കേന്ദ്രം. വില്യാപ്പള്ളി പഞ്ചായത്തിലെ കൊളത്തൂർ, അമരാവതി, മേമുണ്ട, തിരുവള്ളൂർ പഞ്ചായത്തിലെ മീങ്കണ്ടി എന്നിവയെല്ലാം ഈ മലയുടെ താഴെയുള്ള പ്രദേശങ്ങളാണ്. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. വില്യാപ്പള്ളി പഞ്ചായത്തിൽ വെടിവെക്കാൻ ലൈസൻസുള്ള മൂന്ന് ഷൂട്ടർമാരുണ്ടെന്നും പരാതികിട്ടുന്നമുറയ്ക്ക് ഇവരെ അതിനായി നിയോഗിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രഭാകരൻ പറഞ്ഞു.

Related Articles

Back to top button