തലശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; മൂന്നുപതിറ്റാണ്ടായി വിദേശത്ത് ഒളിവിൽ കഴിഞ്ഞ പ്രതി കോടതിയിൽ കീഴടങ്ങി

തലശ്ശേരി: മൂന്നുപതിറ്റാണ്ട് വിദേശത്ത് ഒളിവിൽ കഴിഞ്ഞ പീഡനക്കേസ് പ്രതി തലശ്ശേരി സ്വദേശി മുഹമ്മദ് ഷകീൽ (58) തലശ്ശേരി കോടതിയിൽ കീഴടങ്ങി. 1989-ൽ തലശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ്.പ്രതിയെ കോടതി സബ് ജയിലിൽ റിമാൻഡ് ചെയ്തു. ടപഴയ കേസുകൾ തെളിയിക്കുന്നതിന്റെ ഭാഗമായി തലശ്ശേരി എ.എസ്.പി. ഡോ. നന്ദഗോപന്റെ നിർദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക വാറന്റ് സ്‌ക്വാഡിന്റെ ഇടപെടലാണ് പിടികിട്ടാപ്പുള്ളിയെ നിയമത്തിന് മുന്നിലെത്തിച്ചത്.
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിദേശത്തേക്ക് കടന്ന ഇയാൾ 28 വർഷമായി ഗൾഫിൽ ഒളിവിലായിരുന്നു. പ്രതിയുടെ മലപ്പുറം വിലാസത്തിൽ പോലീസ് അന്വേഷിച്ചപ്പോൾ കണ്ടെത്താനായില്ല. വീട്ടുപേരിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പാസ്‌പോർട്ട് വിവരം ലഭിച്ചു. പ്രതി വിദേശത്തേക്ക് കടന്നത് മനസ്സിലാക്കിയ പോലീസ് അന്വേഷണം അന്താരാഷ്ട്രതലത്തിലേക്ക് വ്യാപിപ്പിച്ചു.ഇയാൾ ഗൾഫിൽ ജയിലിൽ തടവിൽ കഴിയുന്നതായി വിവരം ലഭിച്ചു. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നാട്ടിലെത്തിച്ച് അറസ്റ്റുചെയ്യാനുള്ള നീക്കം പോലീസ് ആരംഭിച്ചു. രക്ഷപെടാൻ മാർഗമില്ലെന്ന് തിരിച്ചറിഞ്ഞ പ്രതി നാട്ടിലെത്തി കോടതിയിൽ ഹാജരായി.
തലശ്ശേരി എസ്.ഐ. എം.ടി.പി. സൈഫുദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ആലക്കണ്ടി നിധീഷ്, സിവിൽ പോലീസ് ഓഫീസർ സി.കെ.നിധിൻ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.





