
കോഴിക്കോട്: ബീച്ച് ജനറൽ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങിയിട്ട് ഇരുപത് ദിവസം. 60 രോഗികളുടെ ശസ്ത്രക്രിയ ആണ് മുടങ്ങിയത്. ആരോഗ്യ വകുപ്പ് ഇതുവരെ ഒരു നിയമ നടപടിയും എടുത്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഒരു കോടിയോളം രൂപ കുടിശ്ശിക ആയതോടെ സ്റ്റെന്റ് കമ്പനി വിതരണം നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും അധികൃതർ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ മെഡിക്കൽ കോളേജ് കഴിഞ്ഞാൽ ഏറ്റവുമധികം ഹൃദയ ശസ്ത്രക്രിയകൾ നടക്കുന്നത് ബീച്ച് ജനറൽ ആശുപത്രിയിലാണ്.
ഒരു ദിവസം മൂന്ന് ശസ്ത്രക്രിയകളാണ് ആശുപത്രിയിൽ നടക്കുന്നത്. ശസ്ത്രക്രിയ മുടങ്ങിയിട്ട് 20 ദിവസമായതോടെ തീയതി നിശ്ചയിച്ചിരുന്ന 60 രോഗികളാണ് ദുരിതത്തിലായത്. 2021ൽ സ്ഥാപിച്ച കാത്ത് ലാബിൽ ഹൃദയ ശസ്ത്രക്രിയ അനിശ്ചിത കാലത്തേക്ക് മുടങ്ങുന്നത് ഇത് മൂന്നാമത്തെ തവണയാണ്. നേരത്തെ രണ്ടു തവണ മാസങ്ങളോളം ശസ്ത്രക്രിയ മുടങ്ങിയതും ഈ കുടിശ്ശിക ബാക്കി നിൽക്കുന്നതുകൊണ്ടായിരുന്നു.
അതിന് ശേഷവും പണം കൃത്യ സമയത്ത് കൊടുത്ത് തീർക്കുന്നതിനാവശ്യമായ നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഇപ്പോഴത്തെ പ്രതിസന്ധി ആരോഗ്യ മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ഉടൻ പരിഹാരം കാണുമെന്നുമാണ് പ്രതീക്ഷയെന്നും കോഴിക്കോട് ഡിഎംഒ പറഞ്ഞു.





