
കോഴിക്കോട് : ആറ് വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ പൂവാട്ട്പറമ്പ് ആനകുഴിക്കര സ്വദേശി കുന്നുമ്മൽ വീട്ടിൽ സുനീഷ് (30) പൊലീസ് പിടിയിൽ. 2025 ജൂൺ മാസം മുതൽ 2026 ജനുവരി 9 വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായി അതിജീവിതയ്ക്ക് നേരെ ആവർത്തിച്ച് ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്.
ചൈൽഡ് ലൈനിന്റെ റിപ്പോർട്ട് പ്രകാരം മാവൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെയാണ് പ്രതി പിടിയിലായത്. മാവൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിനേഷിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ രമേഷ്, സലീം മുട്ടത്ത്, എസ്സിപിഒ ഷിബു ഓമശ്ശേരി, സിപിഒ വിഗിൻ എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
മറ്റൊരു സംഭവത്തിൽ ഹ്രസ്വചിത്രങ്ങളിലും ആല്‍ബങ്ങളിലും അഭിനയിക്കുന്ന പതിനെട്ടുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ വിഡിയോഗ്രാഫർ അറസ്റ്റില്‍. തില്ലങ്കേരി സ്വദേശിയും പെരളശേരി വെള്ള ച്ചാലില്‍ വാടക വീട്ടില്‍ താമസക്കാരനുമായ പുതിയ വീട്ടില്‍ അഭിറാമിനെ (23) യാണ് ശ്രീകണ്ഠപുരം ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്.
ചെങ്ങളായി പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന യുവതിയാണ് പീഡനത്തിനിരയായത്. യുവതിയും യുവാവും തമ്മില്‍ നേരത്തെ പരിചയമുണ്ട്. കഴിഞ്ഞ അരങ്ങം ഉത്സവം കാണാൻ രാത്രി ഇരുവരും പോയിരുന്നു. തിരിച്ചുവരാൻ ഏറെ വൈകിയപ്പോള്‍ യുവതിയുടെ വീട്ടില്‍ താമസിക്കാൻ തീരുമാനിക്കുകയായിരുന്നു. പിറ്റേ ദിവസം ഉച്ചക്ക് അവിടെ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.





