Thiruvananthapuram

മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്; തിങ്കളാഴ്ച മുതൽ ഒ.പിയും ക്ലാസുകളും ബഹിഷ്കരിക്കും

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാർ തിങ്കളാഴ്ച മുതൽ ഒ.പിയും അധ്യാപനവും ബഹിഷ്കരിച്ച് സമരത്തിനിറങ്ങും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചത്.

ഒരു വർഷത്തിലേറെയായി നടത്തുന്ന സമരപരിപാടികളുടെ തുടർച്ചയായാണ് അനിശ്ചിതകാല ഒ.പി, അധ്യാപന ബഹിഷ്കരണം ആരംഭിക്കുന്നതെന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ. ടി. റോസ്നാരാ ബീഗം, ജനറൽ സെക്രട്ടറി ഡോ. സി.എസ്. അരവിന്ദ് എന്നിവർ അറിയിച്ചു.
ഇതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം സ്തംഭിച്ചേക്കും. ഫെബ്രുവരി ഒമ്പത് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും 11 മുതൽ സർവകലാശാലാ പരീക്ഷാ ജോലികളും ബഹിഷ്കരിക്കുമെന്ന് ഡോക്ടർമാരുടെ സംഘടന അറിയിച്ചു.

കാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു, പോസ്റ്റ്മോർട്ടം എന്നിവയെ പ്രതിഷേധ പരിപാടികളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പലതവണ മന്ത്രിതല ചർച്ചകൾ നടത്തിയെങ്കിലും നടപടികളുണ്ടായില്ലെന്നാണ് സംഘടന കുറ്റപ്പെടുത്തുന്നത്. രോഗികൾക്ക് ആനുപാതികമായ തസ്തികകൾ സൃഷ്ടിക്കുക, അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുക, ശമ്പളപരിഷ്കരണ കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് 2025 ജൂലൈ ഒന്നുമുതൽ സമരരംഗത്തുള്ളത്.

Related Articles

Back to top button