Kozhikode

കൂടത്തായിയിൽ വീട്ടിൽ സൂക്ഷിച്ച 97 സിലിൻഡറുകൾ പിടികൂടി

Please complete the required fields.




താമരശ്ശേരി: താമരശ്ശേരി കൂടത്തായിക്ക്‌ സമീപം ചുടലമുക്കിൽ റോഡരികിലെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 97 പാചകവാതക സിലിൻഡറുകൾ പിടിച്ചെടുത്തു. എസ്.ഐ. കെ. പ്രജീഷിന്റെ നേതൃത്വത്തിൽ താമരശ്ശേരി പോലീസ് ബുധനാഴ്ച രാത്രി നടത്തിയ റെയ്ഡിനിടെയാണ് ലൈസൻസോ, അനുമതിയോ ഇല്ലാതെ സൂക്ഷിച്ച പാചകവാതക സിലിൻഡറുകൾ കണ്ടെടുത്തത്.

ഗാർഹികാവശ്യത്തിനുള്ളതും വാണിജ്യാവശ്യത്തിനുള്ളതുമായ വിവിധ കമ്പനികളുടെ പാചകവാതക സിലിൻഡറുകളിൽ ഇന്ധനം നിറച്ചതും കാലിയായവയും ഉൾപ്പെടും. ഇതോടൊപ്പം സിലിൻഡറുകൾ കയറ്റിക്കൊണ്ടുപോവാൻ ഉപയോഗിക്കുന്ന രണ്ട് പിക്കപ്പ് വാനുകളും പാചകവാതകം നിറയ്ക്കാൻ ഉപയോഗിക്കുന്ന റീഫില്ലിങ് ഉപകരണങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. പാചകവാതക സിലിൻഡറുകൾ അനധികൃതമായി സൂക്ഷിച്ച ചുടലമുക്ക് കളത്തിങ്ങൽ മുസ്തഫയെ (32) അവശ്യസാധന നിയമപ്രകാരം അറസ്റ്റ് ചെയ്തു.

പാചകവാതക വിതരണക്കാരൻ മാത്രമായ മുസ്തഫയുടെ വീട് കേന്ദ്രീകരിച്ച് ലൈസൻസില്ലാതെ അനധികൃതമായി പാചകവാതക സിലിൻഡറുകൾ സൂക്ഷിക്കുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കണ്ണൂരിലെ ഒരു ഗ്യാസ് ഏജൻസിയുടെ പേരിൽ എത്തിക്കുന്ന പാചകവാതക സിലിൻഡറുകൾ ഒരു അനുമതിയുമില്ലാതെയാണ് സൂക്ഷിച്ചിരുന്നത്. പാചകവാതക സിലിൻഡറുകൾ കയറ്റിക്കൊണ്ടുപോവുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ അനുവർത്തിക്കാതെയാണ് രണ്ട് പിക്കപ്പ് വാനുകളിൽ ഇവ കയറ്റിയിരുന്നത്.

വീട്ടാവശ്യത്തിനുള്ള സിലിൻഡറുകൾക്ക് സബ്‌സിഡിയും വിലക്കുറവും ലഭ്യമാവുമെന്നിരിക്കെ, ഇത്തരം സിലിൻഡറുകളിൽനിന്ന് ഇന്ധനം മാറ്റി വാണിജ്യാവശ്യത്തിനുള്ള സിലിൻഡറുകളിലേക്ക് മാറ്റി നിറച്ചിരുന്നതും ശ്രദ്ധയിൽപെട്ടതായി എസ്.ഐ. അറിയിച്ചു. പിടിച്ചെടുത്ത പാചകവാതക സിലിൻഡറുകളും വാഹനങ്ങളും റീഫില്ലിങ് ഉപകരണവും പിന്നീട് താമരശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.രണ്ട് വാഹനങ്ങളും റീഫിൽ ചെയ്യാനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തുസിലിൻഡറുകൾ കണ്ടെടുത്തത് താമരശ്ശേരി പോലീസ് നടത്തിയ റെയ്ഡിനിടെ

Related Articles

Leave a Reply

Back to top button