
നരിക്കുനി : എം.പി. വീരേന്ദ്രകുമാർ എംപിയുടെ പ്രാദേശികവികസന നിധിയിൽനിന്നുള്ള തുക ഉപയോഗപ്പെടുത്തി നിർമിച്ച നരിക്കുനി ഗ്രാമപ്പഞ്ചായത്ത് ഇഎംഎസ് മിനിസ്റ്റേഡിയം അറ്റകുറ്റപ്പണി നടത്തി നവീകരിക്കുന്നു. രണ്ടുഘട്ടങ്ങളിലായി നടക്കുന്ന പ്രവൃത്തിയുടെ ആദ്യഘട്ട പ്രവൃത്തിക്കാണ് തുടക്കമിട്ടിരിക്കുന്നത്.
തൊഴിലുറപ്പുപദ്ധതിയിലുൾപ്പെടുത്തി അനുവദിച്ച 10 ലക്ഷം ഉപയോഗിച്ചാണ് ആദ്യഘട്ടപ്രവൃത്തി. പഞ്ചായത്ത് ഫണ്ട് 10 ലക്ഷം ഉപയോഗിച്ചാണ് രണ്ടാംഘട്ടപ്രവൃത്തി നടക്കുക. രണ്ടുപ്രവൃത്തികളും മാർച്ചിനുമുൻപേ പൂർത്തീകരിക്കുമെന്ന് പഞ്ചായത്ത് എഇ പറഞ്ഞു. ഉദ്ഘാടനം കഴിഞ്ഞ് 15 വർഷം പിന്നിട്ടിട്ടും സ്റ്റേഡിയത്തിൽ കാര്യമായ നവീകരണപ്രവൃത്തിയൊന്നും നടന്നിരുന്നില്ല. ഇതുസംബന്ധിച്ച് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു.





