അതിതീവ്ര ന്യൂനമർദ്ദം ഇന്ന് കരയിൽ പ്രവേശിക്കും, കേരളത്തിൽ രണ്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് കരയിൽ പ്രവേശിക്കും. രാത്രിയോടെ ശ്രീലങ്ക തീരം ഹബൻടോട്ടയ്ക്കും, കാൽമുനായിക്കും ഇടയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ഈ സാഹചര്യത്തിൽ കേരളത്തിൽ ജനുവരി 12 വരെ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. നാളെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും പ്രവചനമുണ്ട്.
ഇത് പ്രകാരം നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
10 / 01 / 2026: പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.





