
കൊയിലാണ്ടി : ദേശീയപാതയിൽ വെങ്ങളം മേൽപ്പാലത്തിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ബസ് യാത്രക്കാരായ 24 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ചികിത്സതേടി. പരിക്ക് ഗുരുതരമല്ല.
കോഴിക്കോട് ഭാഗത്തുനിന്നും കണ്ണൂർ ഭാഗത്തേക്കു പോകുന്ന ബസ് അതിവേഗത്തിലായിരുന്നു. ഇരുബസുകളും മത്സരിച്ച് ഓടുന്നതിനിടയിലാണ് പിറകിൽ വന്ന ബസ് മുന്നിലത്തെ ബസിലിടിച്ചത്. യാത്രക്കാർ രോഷാകുലരായി പിന്നിലത്തെ ബസിലെ ഡ്രൈവറെ കൊയിലാണ്ടി താലൂക്കാശുപത്രിക്കു സമീപം തടഞ്ഞുവെച്ചു. പോലീസെത്തി ഡ്രൈവറെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.





