Ernakulam

നടിയെ ആക്രമിച്ച കേസ്; അപ്പീലിനായുള്ള തുടര്‍ നടപടികള്‍ ഉടൻ പൂര്‍ത്തിയാക്കാൻ സര്‍ക്കാര്‍, ക്രിസ്മസ് അവധിക്കുശേഷം അപ്പീൽ നൽകും

Please complete the required fields.




കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധിയ്ക്കെതിരെ അപ്പീൽ നൽകാനുള്ള നടപടികള്‍ ഉടൻ പൂര്‍ത്തിയാക്കാൻ സര്‍ക്കാര്‍. നടപടികള്‍ വേഗത്തിൽ പൂര്‍ത്തിയാക്കി ക്രിസ്മസ് അവധിക്കുശേഷം ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് സര്‍ക്കാര്‍ തീരുമാനം. വിചാരണ കോടതി വിധിയുടെ സര്‍ട്ടിഫൈഡ് കോപ്പി ലഭിച്ചശേഷമായിരിക്കും അപ്പീൽ ഫയൽ ചെയ്യുക. അതിനുള്ളിൽ അപ്പീൽ ചെയ്യാനുള്ള മറ്റു നടപടികള്‍ അതിനുള്ളിൽ പൂര്‍ത്തീയാക്കും. വിചാരണ കോടതിവിധിയ്ക്കെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനാണ് നീക്കം. വിധിയിൽ നിരവധി പോരായ്മയുണ്ടെന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തൽ. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പരിശോധിക്കുന്നതിൽ കോടതിയ്ക്ക് പോരായ്മ സംഭവിച്ചെന്നാണ് പ്രോസിക്യൂഷന്‍റെ വിലയിരുത്തൽ.

അതേസമയം, സര്‍ക്കാര്‍ അപ്പീൽ നൽകാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ അതിജീവിത ഇന്നലെ നേരിട്ട് കണ്ടിരുന്നു. കേരള ജനത അതിജീവിതയ്ക്കൊപ്പം ഉണ്ടെന്നും ശക്തമായ നിയമ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. കേസിനെ വഴിതിരിച്ചു വിടാനുള്ള പ്രതി മാര്‍ട്ടിന്‍റെ സാമൂഹിക മാധ്യമങ്ങളിലെ വീഡിയോക്കെതിരെ നടപടി വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. ഇതിനിടെ, സാമൂഹിക മാധ്യമങ്ങളിലെ സൈബര്‍ ആക്രമണത്തിനെതിരെ അതിജീവിത പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കോടതി 20വര്‍ഷത്തെ തടവിന് ശിക്ഷിച്ച രണ്ടാം പ്രതി മാര്‍ട്ടിൻ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചത് അടക്കം ചൂണ്ടികാണിച്ചാണ് അതിജീവിതയുടെ പരാതി.

സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചേര്‍ത്ത് പൊലീസ് ഉടൻ കേസെടുക്കും. വീഡിയോയിൽ ദിലീപിനെതിരെ ഗൂഢാലോചന നടത്തിയത് അതിജീവിത അടക്കമുള്ളവരാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് മാർട്ടിന്‍റെ ആരോപണം. ഈ വീഡിയോ അടക്കം ഹാജരാക്കിയാണ് ഇന്ന് അതിജീവിത നേരിട്ട് എറണാകുളം പൊലീസിൽ പരാതി നൽകിയത്. വീഡിയോ പങ്കുവെച്ചവരും അധിക്ഷേപകരമായ വീഡിയോ പ്രചരിപ്പിച്ചതുമായ 16 ഐഡികളുടെ ലിങ്കും പരാതിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.

പരാതിയിൽ ശക്തമായ നടപടിയ്ക്കാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുള്ളത്. ഇന്ന് തന്നെ വിവിധ ഐഡികൾക്കും വ്യക്തികൾക്കുമെതിരെ കേസ് എടുത്ത് നടപടി തുടങ്ങും. അതിജീവിതയുടെ വ്യക്തിവിരങ്ങൾ വെളിപ്പെടുത്തൽ, വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാകും കേസ്. വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കാനും പൊലീസ് നടപടിയെടുക്കും. ശിക്ഷക്കപ്പെടുന്നതിന് മുൻപാണ് മാര്‍ട്ടിൻ വീഡിയോ തയ്യാറാക്കിയത്.വീഡിയോ ചിത്രീകരിക്കാൻ മറ്റൊരാളുടെ സഹായവും നിർദ്ദേശവും ലഭിച്ചിരുന്നതായും പൊലീസ് കരുതുന്നു. ഇവർക്കെതിരെയും നടപടിയുണ്ടാകും.

Related Articles

Back to top button