
കോഴിക്കോട് : തിരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലേക്ക് കടക്കുമ്പോൾ റോഡ് ഷോയുമായി നഗരത്തെ ഇളക്കിമറിച്ച് മുന്നണികൾ. എം.കെ. രാഘവൻ എംപിയുടെ നേതൃത്വത്തിൽ ബേപ്പൂർ തുറമുഖത്തിനുസമീപത്തുനിന്നാണ് യുഡിഎഫ് റോഡ് ഷോ തുടങ്ങിയത്. വാദ്യമേളങ്ങളും കാതടിപ്പിക്കുന്ന ഡിജെ വണ്ടിയുടെ മുഴക്കവും വർണവെളിച്ചങ്ങളും റോഡ് ഷോയ്ക്ക് കൊഴുപ്പേകി.
മുന്നിൽ ഓരോമേഖലയിലെ സ്ഥാനാർഥികളും പുറകിൽ നേതാക്കളുമായി നഗരത്തിന്റെ തീരമേഖലയിലൂടെയായിരുന്നു യുഡിഎഫിന്റെ റോഡ് ഷോ. മാത്തോട്ടത്തുവെച്ച് മുസ്‌ലിംലീഗ് സ്ഥാനാർഥിയുടെ റോഡ് ഷോകൂടെ ഒപ്പംചേർന്നു. സ്കൂളിൽ കുതിരപ്പുറത്തെത്തി വൈറലായ ആയിഷ മർവ കുതിരപ്പുറത്ത് ലീഗ് പതാകയേന്തി റോഡ് ഷോയുടെ ശ്രദ്ധാകേന്ദ്രമായി. നടുവട്ടം, മാത്തോട്ടം, പയ്യാനക്കൽ, ചക്കുംകടവ്, കല്ലായി, പുഷ്പ ജങ്ഷൻ, ഇടിയങ്ങര, സൗത്ത് ബീച്ച്, ഗാന്ധിറോഡ്, വെള്ളയിൽ, തോപ്പയിൽ വഴി പുതിയങ്ങാടി കോയറോഡ് ബീച്ചിൽ സമാപിച്ചു. കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ. ജയന്ത്, പി.എം. നിയാസ്, ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ, സിഎംപി നേതാവ് സി.എൻ. വിജയകൃഷ്ണൻ, മുസ്‌ലിംലീഗ് ജില്ലാപ്രസിഡന്റ് എം.എ. റസാഖ്, വൈസ് പ്രസിഡന്റ് എൻ.സി. അബൂബക്കർ, കെ.പി. ബാബു, എം.സി. മായിൻഹാജി, രമേഷ് നമ്പിയത്ത് എന്നിവർ നേതൃത്വംനൽകി.
കോഴിക്കോട് : തദ്ദേശതിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തോടടുക്കുമ്പോൾ കോഴിക്കോട് നഗരത്തെ ആവേശത്തിലാഴ്ത്തി എൽഡിഎഫ് റോഡ് ഷോ. ബേപ്പൂർ മറീന ബീച്ചിൽനിന്നാണ് കോർപ്പറേഷൻ എൽഡിഎഫ് റോഡ് ഷോ ആരംഭിച്ചത്. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എംഎൽഎ, ഡിവൈഎഫ്‌ഐ സംസ്ഥാനപ്രസിഡന്റ് വി. വസീഫ്, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.പി. മുസാഫർ അഹമ്മദ് എന്നിവർ തുറന്നവാഹനത്തിൽ സഞ്ചരിച്ച് വഴിയരികിൽ കാത്തുനിന്ന പ്രവർത്തകരെ അഭിവാദ്യംചെയ്തു.തൊട്ടുപുറകിൽ മറ്റൊരുവാഹനത്തിൽ കോർപ്പറേഷനിലെ വിവിധവാർഡുകളിലെ സ്ഥാനാർഥികളും വോട്ടർമാരെ അഭിവാദ്യംചെയ്തു. റോഡ് ഷോ കടന്നുപോകുന്ന ഓരോപോയിന്റിലും ചെങ്കൊടിയേന്തിനിന്ന പ്രവർത്തകർ നേതാക്കളെയും അണികളെയും സ്വാഗതംചെയ്തു.
ഇരുചക്രവാഹനങ്ങൾ, ഡിജെ സെറ്റ്, നാസിക് ബാൻഡ് തുടങ്ങിയവയുടെ അകമ്പടിയോടെയായിരുന്നു വാഹനജാഥ. നടുവട്ടം, മീഞ്ചന്ത വഴി മാങ്കാവ് അരയിടത്തുപാലം പിന്നിട്ട് കാരപ്പറമ്പിൽനിന്ന് വെസ്റ്റ്‌ഹിലിൽ പ്രവേശിച്ച് പുതിയങ്ങാടി വെള്ളയിൽവഴി സൗത്ത് ബീച്ചിൽ സമാപിച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ്, ജില്ലാകമ്മിറ്റി അംഗം എൽ. രമേശൻ, ഫറോക്ക് ഏരിയാസെക്രട്ടറി ടി. രാധാഗോപി എന്നിവർ നേതൃത്വംനൽകി.





