Kozhikode

പാളയം മാർക്കറ്റിലുള്ളവർക്കൊപ്പമെന്ന് യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ

Please complete the required fields.




കോഴിക്കോട് : പാളയം പച്ചക്കറിമാർക്കറ്റിലെ കച്ചവടക്കാർക്കും തൊഴിലാളികൾക്കുമൊപ്പം ഉണ്ടാകുമെന്ന് ഉറപ്പുനൽകി യുഡിഎഫ്-എൻഡിഎ സ്ഥാനാർഥികൾ. പാളയം മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലാ വെജിറ്റബിൾ മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് സ്ഥാനാർഥികൾ നിലപാട് വ്യക്തമാക്കിയത്. മൂന്നു മുന്നണിയിലുള്ളവരെയും വിളിച്ചെങ്കിലും എൽഡിഎഫ് സ്ഥാനാർഥി പങ്കെടുത്തില്ല.

പാളയം വാർഡിൽനിന്ന് യുഡിഎഫിലെ അൻവറ തെക്കോത്തും എൻഡിഎയിലെ ധന്യ രതീഷും എൽഡിഎഫിലെ സാറാ ജാഫറുമാണ് ജനവിധി തേടുന്നത്. എന്നാൽ, തിരക്കുകാരണം എത്താനാകില്ലെന്ന് സാറാ ജാഫർ അറിയിക്കുകയായിരുന്നെന്ന് സംഘാടകർ പറഞ്ഞു. മാർക്കറ്റിലുള്ളവരോട് സംസാരിക്കാതെ, എന്താണ് പ്രശ്നമെന്ന് പഠിക്കാതെ തോന്നിയതുപോലെ കല്ലുത്താൻകടവിലേക്ക് മാറ്റാനാണ് ശ്രമമെന്ന് അൻവറ പറഞ്ഞു. മാറ്റത്തിനുപിന്നിൽ ഗൂഢാലോചനയുണ്ട്. എന്നും പാളയത്തുള്ളവർക്കൊപ്പം ഉണ്ടാകുമെന്നും അവർ പറഞ്ഞു. കച്ചവടക്കാരുടെയും ഇവിടെയുള്ള മറ്റുള്ളവരുടെയും അഭിപ്രായങ്ങളും താത്‌പര്യങ്ങളും മാനിച്ചാണ് തീരുമാനങ്ങളെടുക്കേണ്ടതെന്ന് ധന്യ പറഞ്ഞു. വികസനത്തിന്റെ പേരിൽ എന്താണ് നടക്കുന്നതെന്ന് തിരിച്ചറിയണമെന്നും അവർ പറഞ്ഞു.

ന്യായമായ ആവശ്യമാണ് പാളയത്തുള്ളവരുടേതെന്നും അതിൽ ഒന്നുംപറയാനില്ലാത്തതിനാലാണ് എൽഡിഎഫ് സ്ഥാനാർഥി പങ്കെടുക്കാത്തതെന്നും കേരള വ്യാപാരി-വ്യവസായി ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി വി. സുനിൽകുമാർ ആരോപിച്ചു.ജില്ലാ വെജിറ്റബിൾ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് നാസർ കരിമാഠം അധ്യക്ഷനായി. പി.കെ. കൃഷ്ണദാസ്, ടി.ടി. ഗണേശൻ എന്നിവർ സംസാരിച്ചു.

Related Articles

Back to top button