
കോഴിക്കോട് : ജനാധിപത്യ പ്രക്രിയയിൽ പ്രാതിനിധ്യം വർധിപ്പിക്കൽ ലക്ഷ്യമിട്ട് കോഴിക്കോട് ബീച്ചിൽ ഒരുക്കിയ മെഗാ കൈറ്റ് ഫെസ്റ്റ് ആവേശത്തിരയിളക്കി. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) പ്രചാരണാർഥം ജില്ലയിലുടനീളം സംഘടിപ്പിച്ച വിവിധ പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്വീപ് സെൽ, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീം, വൺ ഇന്ത്യ കൈറ്റ് ടീം തുടങ്ങിയവ ചേർന്നാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. വിവിധ കോളേജുകളിൽനിന്നുള്ള ആയിരത്തിലേറെ ഇലക്ടറൽ ലിറ്ററസി ക്ലബ്-നാഷണൽ സർവീസ് സ്കീം വൊളന്റിയർമാർ പങ്കാളികളായി.
കളക്ടർ സ്നേഹിൽകുമാർ സിങ് ഉദ്ഘാടനം ചെയ്തു. അസി. കളക്ടറും ജില്ലാ സ്വീപ് സെൽ കോഡിനേറ്ററുമായ ഡോ. മോഹനപ്രിയ, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ് കോഡിനേറ്റർ ഡോ. നിജീഷ് ആനന്ദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി. അബ്ദുൽ കരീം, എൻഎസ്എസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി കോഡിനേറ്റർ രാജഗോപാൽ, ജില്ലാ എൻ.എസ്.എസ് കോഡിനേറ്റർ ഫസീൽ അഹമ്മദ്, വൺ ഇന്ത്യ കൈറ്റ് ടീം പ്രതിനിധി അബ്ദുല്ല മാളിയേക്കൽ തുടങ്ങിയവർ പങ്കെടുത്തു.
ഇഎൽസി, എൻഎസ്എസ് എന്നിവയുടെ നേതൃത്വത്തിൽ 4000 വൊളന്റിയർമാർ നാല് ലക്ഷം വോട്ടർമാരിലേക്ക് നേരിട്ടിറങ്ങിയ ‘എ ഡേ വിത്ത് ബിഎൽഒ’, ഗൃഹസന്ദർശനങ്ങൾ, സന്ദേശരേഖ വിതരണം, സംശയ ദൂരീകരണം, ഫോം പൂരിപ്പിക്കുന്നതിനുള്ള പിന്തുണാ സംവിധാനങ്ങൾ, പൂരിപ്പിച്ച ഫോമുകളുടെ ശേഖരണം, പട്ടികവർഗ ഉന്നതികൾ, തീരദേശങ്ങൾ തുടങ്ങിയ മേഖലകളിലെ സവിശേഷ എൻറോൾമെന്റ് പരിപാടികൾ, ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങൾ തുടങ്ങിയ പരിപാടികൾ എസ്ഐആർ കാംപെയിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഫെസ്റ്റിവലിന് മുന്നോടിയായി വ്യാഴാഴ്ച സരോവരം ബയോപാർക്കിൽ തിരഞ്ഞെടുത്ത 15 കോളേജുകളിലെ മുന്നൂറോളം കോളേജ് വിദ്യാർഥികൾക്കായി കൈറ്റ് നിർമാണ ശില്പശാല ഒരുക്കിയിരുന്നു.





