അനുമതിയില്ലാതെ രാത്രി വനത്തിൽ കടന്ന് റീൽസ് ചിത്രീകരിച്ചു; കോഴിക്കോട് സ്വദേശിയായ യുട്യൂബർമാർക്കെതിരെ കേസ്

പുൽപ്പള്ളി : വയനാട് ഉദയക്കര ഭാഗത്ത് രാത്രിയിൽ അനുമതിയില്ലാതെ വനത്തിൽ കയറി വീഡിയോ ചിത്രീകരിച്ച യുട്യൂബർമാർക്കെതിരെ വനംവകുപ്പ് കേസെടുത്തു. കോഴിക്കോട് ചാലപ്പുറം തിരുത്തുമ്മൽ മൂരിയാട് സ്വദേശിയായ കത്തിയൻവീട് സാഗർ (33) അടക്കം ഏഴു പേരെ പ്രതിചേർത്താണു കേസെടുത്തത്.
ഇക്കഴിഞ്ഞ ഞായറാഴ്ച ഇവർ അനുമതിയില്ലാതെ അഞ്ചു ബൈക്കുകളിലായി വന്യജീവികൾ നിറഞ്ഞ വനത്തിനുള്ളിലൂടെ സഞ്ചരിച്ച് വീഡിയോ ചിത്രീകരിച്ച് യാത്ര ചെയ്തതിനാണ് കേസ്. പ്രതികളിൽ ഒരാളുടെ യുട്യൂബ് പേജിൽ ഇതിന്റെ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു.
വന്യജീവികൾക്ക് ശല്യമാവുന്ന വിധത്തിൽ റിസർവ് വനത്തിനുള്ളിൽ അനുമതിയില്ലാതെയുള്ള ഇത്തരം യാത്രകൾക്കും റീൽസ് ചിത്രീകരണത്തിനുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമൻ അറിയിച്ചു. സൗത്ത് വയനാട് ഡിവിഷനിലെ ചെതലയം റെയ്ഞ്ചിലുള്ള പാതിരി വനമേഖലയിലൂടെയാണ് ഇവര്‍ യാത്ര ചെയ്തത്.





