Kozhikode

വോട്ടർമാരെ പാട്ടിലാക്കാൻ പാട്ടുമായി സ്ഥാനാർഥികൾ

Please complete the required fields.




കോഴിക്കോട്: കാസറ്റ് റീലുകളുടെ കാലത്തുനിന്ന് ‘റീൽസു’ കളിലെത്തുമ്പോഴും തിരഞ്ഞെടുപ്പിന് ആവേശംപകരാൻ പാരഡിഗാനങ്ങൾ. ആദ്യകാലത്ത് പ്രചാരണവാഹനങ്ങളിലും റോഡ്ഷോകളിലും യോഗങ്ങളിലും ഉപയോഗിക്കാനാണ് പാട്ട് തയ്യാറാക്കിയിരുന്നതെങ്കിൽ ഇന്ന് സ്ഥിതിമാറി. സോഷ്യൽമീഡിയയും മൊബൈൽഫോണും പ്രചാരത്തിലായതോടെ വോട്ടർമാരെ നേരിട്ട് പാട്ടിലാക്കാനുള്ള വഴികളിലൊന്നായി പാട്ടുകൾ. പാട്ട് നന്നാവുകയാണെങ്കിൽ പാട്ടിന്റെ ‘റീച്ച്’ വാർഡ് കടക്കും.

പാട്ടെഴുതുന്നവർക്ക് തിരഞ്ഞെടുപ്പുകാലത്ത് തിരക്കോട് തിരക്കാണ്. പാട്ടെഴുത്തുകാർതന്നെയാവും മിക്കവാറും പാട്ടുപാടുന്നതും. റീൽസുകളും ചെറുവീഡിയോകൾക്കും പ്രചാരണംവർധിച്ചതോടെ അതിനു അനുയോജ്യമായരീതിയിലാണ് ആളുകൾപാട്ടുകളാവശ്യപ്പെടുന്നതെന്ന് 25 വർഷത്തോളമായി കോഴിക്കോട്ട് ഈ രംഗത്തുള്ള ഷംസു മുഖദാർ പറഞ്ഞു.

കോൽക്കളി, മാപ്പിളപ്പാട്ട് അധ്യാപകനായ അദ്ദേഹം സ്കൂൾ യുവജനോത്സവത്തിന്റെ തിരക്കിനിടയിലാണ് പാട്ടെഴുത്തിന് സമയംകണ്ടെത്തുന്നത്. ആളുകളാവശ്യപ്പെടുന്ന പാട്ടിന്റെ ഈണത്തിലാണ് പാട്ടെഴുതുന്നത്. ആറിയാവുന്ന ഈണമാണെങ്കിൽ 10 മിനിറ്റുകൊണ്ട് പാട്ടെഴുത്ത് തീരും. കേട്ടുപരിചയമില്ലാത്ത പാട്ടുകളുടെ ഈണങ്ങൾക്ക് മുന്നിലാണ് പാട്ടെഴുത്തുകാർ പലപ്പോഴും പാടുപെടുന്നത്. മാപ്പിളപ്പാട്ടുകൾ, ഭക്തിഗാനങ്ങൾ, നാടൻപാട്ടുകൾ, സിനിമാഗാനങ്ങൾ തുടങ്ങി ആളുകൾ ആവശ്യപ്പെടുന്ന ഏത് പാട്ടും പാരഡിഗാനങ്ങളാക്കും. ഓരോ സ്ഥാനാർഥിയുടെ പശ്ചാത്തലവും രാഷ്ട്രീയവും മനസ്സിലാക്കിയാണ് പാട്ടെഴുതുക. കഴിഞ്ഞതവണ ജയിച്ച പാർട്ടിയുടെ സ്ഥാനാർഥിക്കുവേണ്ടിയാണെങ്കിൽ വാർഡിലെ ഭരണനേട്ടങ്ങളും മറിച്ചാണെങ്കിൽ എതിർപാർട്ടിയുടെ കോട്ടങ്ങളും പാട്ടിൽ വിഷയമാവും. വിമതസ്ഥാനാർഥികൾക്ക് പാട്ടെഴുതാനാണ് വിഷമം.

ഓരോവാർഡിലും മുന്നണികൾ മത്സരിച്ചാണ് പാട്ടിറക്കുന്നത്. ‘‘ഈ നാടിനുവേണ്ടി പൊരുതിയ പോരാളി, പോരാളികൾക്കെന്നും മുന്നണി പോരാളി. ജാതിമതഭേദമൊട്ടും ഇല്ലാതെ വികസനം നൽകും സ്ഥാനാർഥി, ജിഷാൻ സാഹിബ്’’ എന്നുതുടങ്ങിയ ഗാനമാണ് കോർപ്പറേഷനിലെ മുഖദാറിൽ യുഡിഎഫ് പുറത്തിറക്കിയത്‌. ‘‘സുന്ദരമായൊരു മുഖദാർ വാർഡിൽ, വികസനത്തിന് പെരുമഴ തീർക്കാൻ യുവത്വമുള്ളൊാരു സ്ഥാനാർഥി സഖാവ് നൗഷാദ്. പോരാട്ടത്തിൻ മുന്നിൽനയിക്കും നായകനാണീ സ്ഥാനാർഥി’’ എന്നുതുടങ്ങുന്ന ഗാനമാണ് എൽഡിഎഫിന്റേേത്.

ഓണംമൂട് പൊളിമൂട്, കടലമ്മ കരഞ്ഞല്ലേ പെറ്റത്, ഇല്യൂമിനാറ്റി തുടങ്ങി വൈറലായ സിനിമാഗാനങ്ങളുടെ ഈണത്തിലുള്ള പാട്ടുകൾക്കാണ് ആവശ്യക്കാരേറെ. പുതുതായി ഈണമിട്ടെഴുതുന്ന പാട്ടുകളുമുണ്ട്.
അരമണിക്കൂർമുതൽ ഒന്നരമണിക്കൂർവരെ ചെലവിട്ടാണ് സ്റ്റുഡിയോയിൽ പാട്ടുകൾ റെക്കോഡ്‌ചെയ്യുന്നത്. പാട്ടിന് ഗുണനിലവാരം ഉറപ്പുവരുത്താനായി യുറ്റ്യൂബിലെ കരോക്കെയ്‌ക്ക് പകരം ഗാനമേളനടത്തുന്നവരിൽ നിന്ന് 400 രൂപ വരെ കൊടുത്താണ് പാട്ടിന്റെ കരോക്കെ വാങ്ങുന്നത്. റെക്കോഡിങ്, മിക്‌സിങ് ചെലവുകളടക്കം അയ്യായിരം രൂപയാണ് ഓരോ പാട്ടിനും ഈടാക്കുന്നത്.

Related Articles

Back to top button