
കോഴിക്കോട് : ‘‘പുലർച്ചെ മൂന്നോടെ വലിയശബ്ദം കേട്ട് ഞെട്ടിയുണർന്നാണ് പുറത്തുവന്ന് നോക്കിയത്. പ്രളയംപോലെ വെള്ളം കുത്തിയൊലിച്ച് വീടിന്റെ കോമ്പൗണ്ടിനുള്ളിലേക്ക് വരുകയായിരുന്നു. പൈപ്പ് പൊട്ടിയതാണെന്ന് മനസ്സിലായില്ല’’ -വീട്ടിലേക്ക് വെള്ളം കയറിയതിനെക്കുറിച്ച് മലാപ്പറമ്പ് ഫ്ളോറിക്കൻ റോഡ് സ്വദേശി ജിതിൻ പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയാണ് മലാപ്പറമ്പ് ഫ്ലോറിക്കൻ റോഡിൽ പോളിടെക്‌നിക്കിനുസമീപം വാട്ടർ അതോറിറ്റിയുടെ 50 വർഷത്തിലധികം പഴക്കമുള്ള കോൺക്രീറ്റ് പൈപ്പ് പൊട്ടിയത്. വൻശബ്ദത്തോടെയാണ് പൈപ്പ് പൊട്ടിയത്. ഈ ഭാഗത്തെ 30 മീറ്ററോളം ദൂരം റോഡും തകർന്നിട്ടുണ്ട്. റോഡിന്റെ നടുഭാഗവും ഇരുവശങ്ങളുമാണ് തകർന്നത്.
ഈ ഭാഗത്ത് വലിയൊരു ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. 70 സെന്റീമീറ്റർ വ്യാസമുള്ള പൈപ്പാണ് പൊട്ടിയത്. സമീപത്തെ നാലുവീടുകളുടെ മുറ്റത്തേക്ക് വെള്ളവും ചെളിയും കയറിയിട്ടുണ്ട്. രാവിലെ എഴുന്നേറ്റുവന്നപ്പോഴാണ് വീട്ടുകാർ സംഭവമറിയുന്നത്.ഇടയ്ക്കിടക്ക് ഈ ഭാഗത്ത് പൈപ്പ് പൊട്ടാറുണ്ടെന്നും റോഡ് നോക്കിയാൽ പലഭാഗത്ത് അറ്റകുറ്റപ്പണികൾ നടത്തിയതുകാണാമെന്നും നാട്ടുകാർ പറഞ്ഞു.
സമീപത്തെ സുധാകരന്റെ വീടിന്റെ മതിലും വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തിയിൽ ഇടിഞ്ഞുവീണിട്ടുണ്ട്. പോലീസും അഗ്നിരക്ഷാസേനയും ജല അതോറിറ്റി അധികൃതരും സംഭവസ്ഥലത്തെത്തി. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. പൈപ്പ് പൂർണമായും മാറ്റുകയാണ്. ഇപ്പോൾ താത്കാലികമായി പൈപ്പിന്റെ ചോർച്ച നിർത്താനാണ് ശ്രമിക്കുന്നത്.





