ബജറ്റ്; കളക്ടറേറ്റിനുമുമ്പിൽ പ്രതിഷേധം; യൂത്ത് കോൺഗ്രസ്, ബി.ജെ.പി. മാർച്ചിനുനേരെ ജലപീരങ്കി

കോഴിക്കോട് : സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, ബി.ജെ.പി. പ്രവർത്തകർ കളക്ടറേറ്റ് മാർച്ച് നടത്തി. ബാരിക്കേഡ് മറികടന്ന് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതോടെ കളക്ടറേറ്റിനുമുമ്പിലെ റോഡിൽ രണ്ടുതവണയായി അരമണിക്കൂറിലധികം ഗതാഗതം മുടങ്ങി.
വ്യാഴാഴ്ച രാവിലെ 11.30-ഓടെ ആദ്യം പ്രതിഷേധവുമായെത്തിയത് യൂത്ത് കോൺഗ്രസാണ്. പ്രവർത്തകർ ബാരിക്കേഡുകൾ ഇളക്കിമാറ്റാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ചിതറിയോടിയ പ്രവർത്തകർ ബാരിക്കേഡുകൾ റോഡിൽവെച്ച് ഗതാഗതം തടഞ്ഞു.
കല്ലുകളും കൊടികെട്ടിയിരുന്ന പൈപ്പുകളും പോലീസിനുനേരെ എറിഞ്ഞു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പിന്നീട് പോലീസ് അറസ്റ്റുചെയ്തുനീക്കി.
മാർച്ച് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഉദ്ഘാടനംചെയ്തു. നികുതി പിൻവലിക്കാൻ തയ്യാറാവാത്ത സർക്കാർ ജനങ്ങളെയാണ് പരിഹസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഷഹിൻ അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ദേശീയസെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, എൻ.എസ്.യു.ഐ. ദേശീയ ജനറൽസെക്രട്ടറി കെ.എം. അഭിജിത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം. ധനീഷ്ലാൽ, ഒ. ശരണ്യ, ജില്ലാ ജനറൽസെക്രട്ടറി ബവീഷ് ചേളന്നൂർ, വി.ടി. നിഹാൽ, ഇ.കെ. ശീതൾ രാജ്, ഉഷേശ്വരി ശാസ്ത്രി, നസിം പെരുമണ്ണ തുടങ്ങിയവർ സംസാരിച്ചു.
റോഡ് ഉപരോധിച്ച ആർ. ഷഹിൻ, വി.പി. ദുൽഖിഫിൽ, ടി.എം. നിമേഷ്, അഭിജിത്ത് ഉണ്ണികുളം, വി.ടി. സൂരജ്, സനൂജ് കുരുവട്ടൂർ, അർജുൻ കറ്റയാട്ട്, ഫിലിപ്പ് ചോല, വി. ഋഷികേശ്, പി.എം. ഷഹബാസ്, വി.എം. അബി എന്നിവരെയാണ് അറസ്റ്റുചെയ്തത്.





