
കൊല്ലം : കൊല്ലത്തു നിന്ന് മീൻപിടിക്കാൻ പോയ ബോട്ടുകൾക്കു നേരെ പുറങ്കടലിൽ ആക്രമണം. തമിഴ്നാട് മത്സ്യത്തൊഴിലാളികളാണ് ആക്രമിച്ചതെന്ന് ബോട്ടിലുണ്ടായിരുന്നവർ പറഞ്ഞു.ശക്തികുളങ്ങര ഹാർബറിൽ നിന്ന് എട്ട് ദിവസം മുൻപ് പോയ ആറ് ബോട്ടുകൾക്കു നേരെയാണ് ഇന്നലെ വൈകിട്ടോടെ തമിഴ്നാട് കുളച്ചൽ ഭാഗത്തുവച്ച് ആക്രമണമുണ്ടായത്. കുളച്ചലിനു തെക്കായി 61 നോട്ടിക്കൽ മൈൽ അകലെയായിരുന്നു ബോട്ടുകൾ ഉണ്ടായിരുന്നത്.
കുളച്ചൽ, മുട്ടം ഭാഗങ്ങളിൽ നിന്നുള്ള മുപ്പതോളം ബോട്ടുകൾ വന്ന് ആക്രമിക്കുകയായിരുന്നെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇരുമ്പിന്റെ കട്ടകൾ കൊണ്ട് എറിയുകയാണ് ആദ്യം ചെയ്തത്. ഇതിൽ ബോട്ടുകളുടെ ചില്ലുകൾ തകർന്നു.ഇവരുടെ ബോട്ടുകൾ ഉപയോഗിച്ച് ബോട്ടിനെ ഇടിച്ചു. ശേഷം ഉള്ളിൽ കയറി ബോട്ടുകൾ തല്ലിത്തകർക്കുകയും ചില്ലുകഷണങ്ങൾ ഉപയോഗിച്ച് തൊഴിലാളികളെ പരുക്കേൽപ്പിക്കുകയും ചെയ്തു. ബോട്ടിലുണ്ടായിരുന്ന മത്സ്യങ്ങൾ മുഴുവൻ പുറത്തെറിയുകയും ചെയ്തു.
കേരളത്തിൽ നിന്നുള്ള നീലബോട്ടുകാർ ഇവിടെ മത്സ്യബന്ധനം നടത്തേണ്ട എന്നാണ് അക്രമികൾ പറഞ്ഞത്. തുടർന്ന് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തൊഴിലാളികൾ തിരികെ തീരത്തെത്തി. നാലു തൊഴിലാളികൾക്കാണ് പരുക്കുള്ളത്.എല്ലാ ബോട്ടിൽ നിന്നും 2 ലക്ഷം രൂപയുടെയെങ്കിലും മത്സ്യം നഷ്ടപ്പെട്ടെന്ന് തൊഴിലാളികൾ പറയുന്നു. ഇടിയേറ്റ ബോട്ടിന് 10 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്.





