വർക്കലയിലെ ട്രെയിൻ അതിക്രമം; പെൺകുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം വർക്കലയിൽ കേരള എക്സ്പ്രസിൽ നിന്ന് മദ്യപൻ ചവിട്ടി തള്ളിയിട്ട പെൺകുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. രാവിലെ വിദഗ്ധ ഡോക്ടേഴ്സ് സംഘം ശ്രീക്കുട്ടിയെ പരിശോധിക്കും. റിമാൻഡിൽ കഴിയുന്ന പ്രതിക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകിയേക്കും. കേരള എക്സ്പ്രസ്സിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു. പെൺകുട്ടികളെ സുരേഷ് ആക്രമിക്കുന്നത് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങൾ.
വീഴ്ചയുടെ ആഘാതത്തിൽ പെൺകുട്ടിയുടെ തലയിൽ പലയിടത്തും ചതവുകൾ ഉണ്ട്, തലച്ചോറിനേറ്റ പരിക്ക് ഗുരുതരമാണ്. പെൺകുട്ടി അപകടനില തരണം ചെയ്തെന്ന് നിലവിൽ പറയാൻ ആകില്ലെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ ക്രിട്ടിക്കൽ കെയർ വിഭാഗത്തിലാണ് ചികിത്സയിൽ തുടരുന്നത്. സർജറി ന്യുറോ കൃട്ടിക്കൽ കെയർ ഉൾപ്പെട്ട വിവിധ വിഭാഗളിലെ ഡോക്ടർമാർ ഉൾപ്പെട്ട വിദഗ്ധ സംഘമാണ് ചികിത്സക്ക് നേതൃത്വം നൽകുന്നത്. ചതവുകൾ സുഖപ്പെടാൻ സമയമെടുക്കുമെന്ന കാര്യം ഡോക്ടർമാർ പെൺകുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നു.





