
കട്ടിപ്പാറ : കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തിൽ കാട്ടുപന്നികൾ വ്യാപകമായി വാഴക്കൃഷി നശിപ്പിച്ചു. റിട്ട. പോസ്റ്റ്മാസ്റ്റർ ജോർജ് പള്ളിയോടിയുടെ കൃഷിസ്ഥലത്ത് പിളാകൂട്ടത്തിൽ ശശി കൃഷി ചെയ്ത ഒട്ടേറെ ഏത്തവാഴകളാണ് കഴിഞ്ഞദിവസം രാത്രി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്. കുലച്ചതും കുലക്കാറായതുമായ വാഴകളാണ് കുത്തിനശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം ഏറ്റവും മികച്ച കർഷകനുള്ള പഞ്ചായത്തുതല അവാർഡ് ലഭിച്ച കർഷകനാണ് ശശി. വാഴ കൂടാതെ പച്ചക്കറിക്കൃഷിയുമുണ്ട്.
കട്ടിപ്പാറ ഗ്രാമിണ ബാങ്കിൽനിന്ന് വായ്പയെടുത്താണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി കൃഷിചെയ്തുവരുന്നത്. കരിങ്കൽത്തൊഴിലാളിയായിരുന്ന ശശി അസുഖത്തെത്തുടർന്നാണ് കൃഷിപ്പണിയിലേക്ക് തിരിഞ്ഞത്. പകൽസമയത്ത് കാടിളക്കി വേട്ടനായകളെയും ഷൂട്ടർമാരെയും ഉപയോഗിച്ച് കാട്ടുപന്നികളെ വെടിവെച്ചുകൊന്നാൽ മാത്രമേ കട്ടിപ്പാറയിലെ കാട്ടുപന്നിശല്യം അവസാനിപ്പിക്കാനാവൂവെന്ന് കട്ടിപ്പാറ സംയുക്ത കർഷകക്കൂട്ടായ്മ ചെയർമാൻ കെ.വി. സെബാസ്റ്റ്യൻ പറഞ്ഞു.





