ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ. വാസുവിൻ്റെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി

പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ള കേസിൽ എസ് ഐ ടി മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ. വാസുവിൻ്റെ മൊഴി രേഖപ്പെടുത്തി. എസ്.പി. ശശിധരന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യലും മൊഴി രേഖപ്പെടുത്തലും നടന്നത്. കേസിലെ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് അന്വേഷണ സംഘം വാസുവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
വാസുവിന്റെ പി എയും കേസിലെ മൂന്നാം പ്രതിയുമായ സുധീഷ് കുമാറിൻ്റെ അറസ്റ്റിനു പിന്നാലെയാണ് ചോദ്യം ചെയ്യൽ നടന്നത്. സുധീഷിനെ എസ്.ഐ.ടി കഴിഞ്ഞ ദിവസം റാന്നി കോടതിയിൽ ഹാജരാക്കിയിരുന്നു. ചോദ്യംചെയ്യലിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുൻ പ്രസിഡണ്ടും കമ്മീഷണറുമായ എൻ വാസുവിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.അതിനാൽ കേസുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട രേഖകളും തീരുമാനങ്ങളും അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ നടന്നതായിരിക്കാമെന്ന സംശയത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. വാസുവിനും കേസിനുമിടയിലെ ബന്ധം വ്യക്തമാക്കാനാണ് എസ്.ഐ.ടി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വാസുവിനെ ചോദ്യം ചെയ്തതിന് ശേഷമുള്ള നടപടികൾ നിർണായകമാണ്.
ശബരിമല ക്ഷേത്രത്തിൽ നിന്നുള്ള സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതൽ പേരെ ചോദ്യം ചെയ്യാൻ എസ്.ഐ.ടി തയ്യാറെടുക്കുകയാണ്. അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിൽ മുൻ ബോർഡ് ഉദ്യോഗസ്ഥരെയും ചില കരാറുകാരെയും ചോദ്യംചെയ്യാൻ സാധ്യതയുണ്ട്.
വാസുവിന്റെ മൊഴി അന്വേഷണത്തിന് പുതിയ വഴിതുറക്കുമെന്നാണ് സൂചന. കേസിലെ സാമ്പത്തിക ഇടപാടുകളും ആഭരണങ്ങളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട രേഖകളും സൈബർ തെളിവുകളും പരിശോധിക്കുന്നതിലൂടെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. വാസു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ അന്വേഷണസംഘം നീക്കം തുടങ്ങി. കേസ് സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഉടൻ സർക്കാർ സമർപ്പിക്കുമെന്ന് എസ്.ഐ.ടി അറിയിച്ചു.





