IndiaKerala

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യും

Please complete the required fields.




ശബരിമല സ്വർണക്കൊള്ളയിൽ നിർണായക ചോദ്യം ചെയ്യൽ തുടരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെയും ഇന്നലെ കസ്റ്റഡിയിൽ ലഭിച്ച മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. നാളെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് നീക്കം. കൂടാതെ പോറ്റിയുടെ കസ്റ്റഡി നീട്ടി ചോദിക്കാനും പ്രത്യേക അന്വേഷണസംഘം ശ്രമിച്ചേക്കും. കസ്റ്റഡി കാലാവധി തീരും മുൻപ് ഇരുവരെയും കൊണ്ട് ഒന്നിച്ച് തെളിവെടുപ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് എസ്ഐടി 29 ന് മുമ്പ് മുരാരി ബാബുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.

ദ്വാരപാലകശില്പങ്ങളിലെ പാളികളിലെ സ്വർണം കവർച്ച ചെയ്ത കേസിൽ രണ്ടാം പ്രതിയായ മുരാരി ബാബു, സ്വർണം പൊതിഞ്ഞ കട്ടിളപ്പാളികൾ പുറത്തേക്കുകൊണ്ടുപോയ കേസിൽ ആറാം പ്രതിയാണ്. മുരാരി ബാബു തട്ടിപ്പിന് പോറ്റിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.സ്വര്‍ണപ്പാളികളിലെ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും ഉരുക്കിയെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു.അതേസമയം, ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് ബെള്ളാരിയിൽ നിന്ന് പിടിച്ചെടുത്ത 608 ഗ്രാം സ്വർണം റാന്നി കോടതിയിൽ ഹാജരാക്കി. 100 ഗ്രാമിൻ്റെ 5 സ്വർണക്കട്ടികളും 74 ഗ്രാമിൻ്റെ ഒരു സ്വർണക്കട്ടിയും നാണയങ്ങളുമാണ് എത്തിച്ചത്. തൂക്കം നോക്കിയ ശേഷം ഇവ കസ്റ്റഡിയിൽ സൂക്ഷിക്കാൻ എടുത്തു. ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് വേർതിരിച്ച സ്വർണം ബെള്ളാരിയിലെ ഗോവർദ്ധന് വിറ്റു എന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. അങ്ങനെയാണ് കഴിഞ്ഞദിവസം സ്വർണം പിടിച്ചെടുത്തത്. ദ്വാരപാലക ശില്പങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത സ്വർണമാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

Related Articles

Back to top button