
താമരശ്ശേരി : ഉടുതുണിയും ഭക്ഷണവുമില്ലാതെയും പരിപാലിക്കാനില്ലാതെയും ദുരിതജീവിതം നയിക്കുന്ന വയോധികയെ സംരക്ഷിക്കാനുള്ള അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ.
പുതുപ്പാടി സൗത്ത് ഈങ്ങാപ്പുഴ ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന ഖദീജയെപ്പറ്റിയുള്ള മാതൃഭൂമി വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
സംഭവത്തിൽ അടിയന്തര തുടർനടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് താമരശ്ശേരി ഡിവൈഎസ്‌പിക്കും ജില്ലാ വനിത-ശിശുവികസന ഓഫീസർക്കും നിർദേശം നൽകി. വിഷയത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും നവംബർ 25-ന് കോഴിക്കോട് പൊതുമരാമത്ത് ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കുമെന്നും കമ്മിഷൻ അറിയിച്ചു.
യഥാസമയം ഭക്ഷണം നൽകി പരിപാലിക്കാൻ ആളില്ലാതെ ദുരിതജീവിതം നയിക്കേണ്ട ഗതികേടിൽ തനിച്ചുതാമസിക്കുന്ന ഖദീജയുടെ കദനകഥ സംബന്ധിച്ച് മാതൃഭൂമി ഒക്ടോബർ 15-ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.





