കുഞ്ഞുമനസ്സിലെ വലിയ സങ്കടം; കോഴിക്കോട് കാക്കൂര്‍ എ എല്‍ പി സ്‌കൂളിലെ രണ്ടാംക്ലാസുകാരിയുടെ സംയുക്ത ഡയറിക്കുറിപ്പിന് മാനങ്ങളേറെ

കോഴിക്കോട് : കോഴിക്കോട് കാക്കൂര്‍ എ എല്‍ പി സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിനി ആദിലക്ഷ്മിയുടെ ഡയറി കുറിപ്പ് ശ്രദ്ധേയമാവുന്നു. പൊതു വിദ്യാഭ്യാസവകുപ്പ് 1, 2 ക്ലാസ്സുകളില്‍ നടപ്പാക്കി വരുന്ന സംയുക്ത ഡയറിയില്‍ ആദിലക്ഷ്മി പങ്കു വെച്ച തന്റെ കുഞ്ഞു സങ്കടത്തിനു മാനങ്ങളേറെയാണ്.
താന്‍ സ്ഥിരമായി പുല്ല് കൊടുക്കാറുണ്ടായിരുന്ന വല്യച്ഛന്റെ പശുവിനെ വിറ്റതാണ് ആദിലക്ഷ്മിയുടെ ദുഃഖം. പ്രകൃതിയോടും സഹജീവികളോടുമുള്ള കരുതല്‍ , സ്‌നേഹം, ഉത്തരവാദിത്ത ബോധം, അതിലുപരി തന്റെ ജീവിതാനുഭവങ്ങള്‍ സ്വയം എഴുതുന്നതിലെ കുട്ടിയുടെ ആത്മവിശ്വാസം ഇവയെല്ലാം ആദിലക്ഷ്മിയുടെ ഡയറിയില്‍ പ്രതിഫലിക്കുന്ന മാനവിക തലങ്ങളാണ്.കുട്ടികളെ എഴുതാനും ചിന്തിപ്പിക്കാനും സ്വാ അനുഭവങ്ങള്‍ പങ്കുവെക്കാനും പ്രേരിപ്പിക്കുന്നതു വഴി ഒരു സ്‌നേഹപൂര്‍ണ പഠനാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംയുക്ത ഡയറി എന്ന പദ്ധതിയുടെ ലക്ഷ്യം.





