
കോഴിക്കോട് : കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ കുടുംബസുരക്ഷാപദ്ധതിയായ ആശ്വാസിൽ അംഗമായിരിക്കെ മരിച്ച വ്യാപാരികളുടെ കുടുംബത്തിന് സഹായധനം വിതരണം ചെയ്തു. മൂന്നുകുടുംബങ്ങൾക്ക് 10 ലക്ഷംരൂപ വീതമാണ് നൽകിയത്. ടൗൺഹാളിൽവെച്ച് നടന്ന പരിപാടി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മന്ത്രിയും മുഖ്യാതിഥികളായ മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, പാരിസൺസ് ഗ്രൂപ്പ് ചെയർമാൻ എൻ.കെ. മുഹമ്മദലി എന്നിവർ ചേർന്ന് സഹായധനം വിതരണം ചെയ്തു. മറ്റു സംഘടനകൾക്കും പ്രചോദനമാകുന്ന നൂതനമായ പദ്ധതിയാണിതെന്ന് ശശീന്ദ്രൻ പറഞ്ഞു. വ്യാപാരി കുടുംബങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന പദ്ധതിയാണിതെന്ന് പി.വി. ചന്ദ്രൻ അഭിപ്രായപ്പെട്ടു. സ്നേഹവും കാരുണ്യവും നിറഞ്ഞുനിൽക്കുന്ന വേദിയായി ഇത് മാറിയെന്ന് എൻ.കെ. മുഹമ്മദലി പറഞ്ഞു.
കോഴിക്കോട് നോർത്ത് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. ജില്ലാ വൈസ് പ്രസിഡന്റ് മനാഫ് കാപ്പാട് അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് പി.വി.എ. സിദ്ദീഖ്, ജില്ലാ പ്രസിഡന്റ് പി.കെ. ബാപ്പുഹാജി, പദ്ധതി ചെയർമാൻ എ.വി.എം. കബീർ, ജില്ലാ ജനറൽ സെക്രട്ടറി വി. സുനിൽകുമാർ, എം. ബാബുമോൻ, യു. അബ്ദുറഹിമാൻ, കെ.പി. മൊയ്തീൻകോയ ഹാജി, പി.ടി. അബ്ദുൾ ഷുക്കൂർ, കെ.എം. ഹനീഫ തുടങ്ങിയവർ സംസാരിച്ചു. രണ്ടുവർഷത്തിനിടെ 110 കുടുംബങ്ങൾക്കായി 11 കോടി രൂപ പദ്ധതിയിലൂടെ സഹായധനം നൽകി.





