Kozhikode

കോഴിക്കോട് സഹപാഠിയുടെ 36 പവൻ സ്വർണം മോഷ്ടിച്ച സംഭവം; യുവതി അറസ്റ്റിൽ

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് ബേപ്പൂരിൽ സഹപാഠിയുടെ സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞ ആന്ധ്ര സ്വദേശി സൗജന്യയെ പൊലീസ് പിടികൂടി കേരളത്തിലെത്തിച്ചു. ജൂലൈ 19നാണ് 36 പവൻ സ്വർണവുമായി സൗജന്യ കടന്നുകളഞ്ഞത്. പ്രൊജക്ട് ചെയ്യാനായി സഹപാഠിയും സുഹൃത്തുമായ ഗായത്രിയുടെ വീട്ടിൽ എത്തിയപ്പോഴാണ് സൗജന്യ മോഷണം നടത്തിയത്. ബെംഗളൂരുവിൽ എംഎസ്സി സൈക്കോളജി ക്ലാസിൽ സഹപാഠികളായിരുന്നു ബേപ്പൂർ സ്വദേശിയായ ഗായത്രിയും ആന്ധ്ര സ്വദേശിയായ സൗജന്യയും.

പ്രൊജക്ടിന്റെ ആവശ്യത്തിനായി രണ്ട് തവണയാണ് ബേപ്പൂരിലെ ഗായത്രിയുടെ വീട്ടിലേക്ക് സൗജന്യ എത്തിയത്. മാർച്ചിലും ജൂലൈയിലും. ഗായത്രിയുമായുള്ള സൗഹൃദം മുതലെടുത്ത് കിടപ്പുമുറിയിൽ സൂക്ഷിച്ച 36 പവൻ സ്വർണമാണ് സൗജന്യ മോഷ്ടിച്ചത്. പിന്നാലെ ബെംഗളൂരുവിൽ എത്തിയ ശേഷം സൈന്യത്തിൽ ജോലി ലഭിച്ചെന്ന് സുഹൃത്തുക്കളെ പറഞ്ഞു വിശ്വസിപ്പിച്ചു. മോഷ്ടിച്ച സ്വർണം ഹൈദരാബാദിലും വിജയവാഡയിലും വിവിധ ബാങ്കുകളിലായാണ് സൗജന്യ പണയം വച്ചത്.

കിട്ടിയ പണവുമായി പ്രതി രാജ്യം വിട്ടു. ഇതിനിടയിലും ഗായത്രിയുമായി വാട്സാപിൽ സൗജന്യ സംസാരിച്ചിരുന്നു. ടാൻസാനിയയിലുള്ള ബന്ധുവിനോടൊപ്പമാണ് ഒന്നരമാസം സൗജന്യ താമസിച്ചത്. കഴിഞ്ഞ ദിവസം ഗുജറാത്തിൽ വന്നിറങ്ങി അനുജത്തിയുടെ കൂടെ താമസിക്കുമ്പോഴാണ് പോലീസിന് വിവരം ലഭിച്ചത്. ഗുജറാത്തിൽ നിന്നും മുംബൈയിൽ എത്തിയ പ്രതി ഹൈദരാബാദിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് അറസ്റ്റ്. മൂന്ന് സംഘങ്ങളായി അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിൽ നിലയുറപ്പിച്ചിരുന്ന ഫറോക്ക് സ്‌ക്വാഡും ബേപ്പൂർ പോലീസും ചേർന്നാണ് പ്രതിയെ വലയിലാക്കിയത്. ഇന്ന് ബേപ്പൂരിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button