മരുതിമലയില്‍ നിന്ന് താഴെ വീണ് മരണം; വിദ്യാർത്ഥിനികള്‍ താഴേക്ക് ചാടിയതെന്ന് സംശയം, ബാഗും ബുക്കും പോലീസ് കസ്റ്റഡിയിൽ

മുട്ടറ: മുട്ടറ മരുതിമലയുടെ മുകളില്‍നിന്ന് താഴേക്കുവീണ് വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത് . കൂട്ടുകാരികള്‍ താഴേക്ക് ചാടിയതെന്ന് സംശയം. രണ്ട് വിദ്യാർത്ഥിനികളും ഉച്ചമുതലേ പാറയ്ക്കുമുകളില്‍ ഉണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പാറയുടെ മുകളില്‍ സുരക്ഷാവേലിക്ക് 30 മീറ്റര്‍ മാറി അപകടകരമായി ഇരിക്കുന്ന വിദ്യാർത്ഥിനികളെ, മുട്ടറ ജങ്ഷനില്‍ നില്‍ക്കുകയായിരുന്ന യുവാവ് കണ്ടു. ഇയാള്‍ പോലീസില്‍ വിവരമറിയിച്ചു. ഉടന്‍ എത്താമെന്നും ശ്രദ്ധിക്കണമെന്നും പോലീസ് നിര്‍ദേശിച്ചതായി യുവാവ് പറഞ്ഞു.
മലമുകളിലുണ്ടായിരുന്ന സെക്യൂരിറ്റി വിവരമറിഞ്ഞെത്തി കുട്ടികളോട് സംസാരിക്കുന്നതിനിടെ ഇവര്‍ താഴേക്ക് ചാടുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാരുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി. രണ്ടു കുട്ടികളും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. ഒരാള്‍ അബോധാവസ്ഥയിലും. ഇരുവരെയും മിയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മീനു എന്ന കുട്ടി മരിച്ചു.
കാണാതായ മീനു, സുവര്‍ണ എന്നീ കുട്ടികളുടെ സ്‌കൂള്‍ ബാഗുകള്‍ പെരിങ്ങനാട് സ്‌കൂളിനു സമീപത്തുള്ള കടയില്‍നിന്ന് ലഭിച്ചു. കടയുടെ ഭാഗത്തുനിന്ന കുട്ടികള്‍ ബാഗ് ഇവിടെവെച്ച് പോവുകയായിരുന്നെന്ന് സംശയിക്കുന്നു. സ്‌കൂള്‍ ബാഗിലുണ്ടായിരുന്ന ബുക്കില്‍ കുട്ടികള്‍ പോകുന്നതുമായി ബന്ധപ്പെട്ടുള്ള ചില സൂചനകള്‍ നല്‍കിയിട്ടുള്ളതായാണ് വിവരം. ബാഗും ബുക്കും പോലീസ് കസ്റ്റഡിയിലാണ്. വീട്ടില്‍നിന്ന് രാവിലെ സ്‌കൂളിലേക്കുപോയ കുട്ടികളെ തിരക്കി രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തിയിരുന്നു. അപ്പോഴാണ് കുട്ടികള്‍ സ്‌കൂളില്‍ ഇല്ലെന്ന വിവരം മനസ്സിലാകുന്നത്.





