സെന്റ് റീത്താസ് സ്‌കൂളിന് തിരിച്ചടി; ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേയില്ല

കൊച്ചി: ഹിജാബ് വിവാദത്തിൽ പള്ളുരുത്തി സെന്റ് റീത്താ സ്കൂളിന് തിരിച്ചടി. ഹിജാബ് ധരിച്ചെത്തിയാലും കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്ന സ്കൂളിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കുട്ടി ഹിജാബ് ധരിച്ച് സ്കൂളിലെത്തിയാലും പഠിപ്പിക്കണം, പുറത്താക്കരുതെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യുക്കേഷൻ നൽകിയ നോട്ടീസിൽ പറഞ്ഞിരുന്നു.
വിഷയത്തിൽ സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് വീഴ്ചപറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പും റിപ്പോർട്ട് നൽകിയിരുന്നു. ഇത് രണ്ടും സ്കൂൾ അധികൃതർക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഇതിനെതിരേയാണ് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചത്. ഡിഡിഇയുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്നായിരുന്നു മാനേജ്മെന്റിന്റെ ആവശ്യം. എന്നാൽ, ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. വിഷയത്തിൽ വിശദമായ വാദം കേൾക്കാമെന്ന് കോടതി വ്യക്തമാക്കി.അതേസമയം, ഹിജാബ് വിഷയം വിവാദമായ സാഹചര്യത്തിൽ കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും തുടർന്ന് ഈ സ്കൂളിൽ പഠിക്കാൻ തയ്യാറല്ലെന്നും കുട്ടിയുടെ മാതാപിതാക്കൾ അറിയിച്ചു. ടിസി വാങ്ങി മറ്റൊരു സ്കൂളിൽ കുട്ടിയെ ചേർക്കുമെന്ന് പിതാവ് അറിയിച്ചു.
ഇതിനിടെ, സർക്കാരിനെതിരേ വെല്ലുവിളിയുമായി സെന്റ് റീത്താ സ്കൂൾ മാനേജ്മെന്റും അഭിഭാഷകയും പ്രതികരണങ്ങൾ നടത്തിയിരുന്നു. തുടർന്ന് മുന്നറിയിപ്പുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും രംഗത്തെത്തി. പിന്നാലെ സ്കൂൾ മാനേജ്മെന്റ് വിദ്യാഭ്യാസ വകുപ്പിന്റെ നോട്ടീസിനെതിരേ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ ഹൈക്കോടതി തള്ളിയത്.





