Thrissur

ചരിഞ്ഞ കൊമ്പൻ ഗോകുലിന് മർദ്ദനമേറ്റിരുന്നതായി റിപ്പോർട്ട്; രണ്ടു പാപ്പാന്മാർക്ക് സസ്‌പെൻഷൻ

Please complete the required fields.




ഗുരുവായൂർ : ആനക്കോട്ടയിൽ തിങ്കളാഴ്ച ചരിഞ്ഞ കൊമ്പൻ ഗോകുലിന് മർദനമേറ്റിരുന്നതായി റിപ്പോർട്ട്. സംഭവത്തിൽ ആനയുടെ രണ്ടും മൂന്നും പാപ്പാൻമാരെ സസ്പെൻഡ് ചെയ്തു. സെപ്റ്റംബർ ഒൻപതിന് രാത്രി പത്തിനായിരുന്നു സംഭവമുണ്ടായതെന്ന് പറയുന്നു. പാപ്പാൻമാർ ആനയുടെ അടുത്തുചെന്ന് മർദിക്കുന്നത് കണ്ട, ഡ്യൂട്ടിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥൻ വിവരം ആനക്കോട്ടയിലെ മേലുദ്യോഗസ്ഥരെ അറിയിച്ചു.

അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ടാം പാപ്പാൻ ജി.ഗോകുൽ, മൂന്നാം പാപ്പാൻ കെ.എ. സത്യൻ എന്നിവരെയാണ് അഡ്മിനിസ്‌ട്രേറ്റർ ഒ.ബി. അരുൺകുമാർ സസ്‌പെൻഡ് ചെയ്തത്. 26-ന് ചേർന്ന ദേവസ്വം ഭരണസമിതിയോഗ തീരുമാനപ്രകാരമായിരുന്നു അന്വേഷണവിധേയമായി സസ്‌പെൻഡ്‌ ചെയ്തത്‌.ആനക്കോട്ടയിൽ 66 ആനകൾ ഉണ്ടായിരുന്നത് 35 ആയി ചുരുങ്ങി. 15 വർഷം കൊണ്ട് 31 ആനകൾ ചരിഞ്ഞു. പത്തു മാസത്തിനുള്ളിൽ മൂന്നാനകളാണ് ചരിഞ്ഞത്. മുൻപ് ചരിഞ്ഞ ഗോപീകണ്ണൻ ഗുരുവായൂരിലെ ആന സമ്പത്തിനുണ്ടായ തീരാനഷ്ടമാണ്.ആനകളുടെ ചികിത്സ കുറേക്കൂടി കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ 70 പാപ്പാൻമാർ ഒപ്പിട്ട നിവേദനം അഡ്മിനിസ്‌ട്രേറ്റർക്ക് സമർപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ആനപരിപാലനകേന്ദ്രമായ ഗുജറാത്തിലെ ‘വൻതാര’യിൽനിന്നുള്ള വിദഗ്‌ധ ഡോക്ടർമാരെ ആനക്കോട്ടയിലേക്ക് കൊണ്ടുവരണമെന്നായിരുന്നു പാപ്പാൻമാരുടെ മറ്റൊരാവശ്യം.

ഫെബ്രുവരിയിൽ ആനയിടഞ്ഞ് മൂന്നുപേർ മരിക്കാനിടയായ കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ കൂട്ടാനയുടെ കുത്തേറ്റ ആനയാണ്. ഗുരുവായൂർ ദേവസ്വത്തിലെ തന്നെ പീതാംബരൻ എന്ന ആനയുടെ കുത്തേറ്റ് ആഴത്തിൽ മുറിവേറ്റിരുന്നു. അതിനുശേഷം ആന പൊതുവേ ക്ഷീണത്തിലായിരുന്നു.

തൃശ്ശൂർ പൂരത്തിലടക്കം എഴുന്നള്ളിപ്പുകൾക്ക് പോയെങ്കിലും ഒന്നര മാസത്തോളമായി ഗോകുലിനെ പുറത്തേയ്ക്ക് അയയ്ക്കാറില്ല. ചികിത്സ തുടരുന്നുണ്ടായിരുന്നു. ഒരാഴ്ചയായി തീറ്റയെടുത്തിരുന്നില്ല. ഒറ്റക്കൊമ്പനാണ് ഗോകുൽ. തെങ്ങ് വീണാണ് വലതുകൊമ്പ് മുറിഞ്ഞുപോയത്. ഫൈബർ കൊമ്പ് പിടിപ്പിച്ചായിരുന്നു എഴുന്നള്ളിപ്പുകൾക്ക് കൊണ്ടുപോയിരുന്നത്. 1994 ജനുവരി ഒൻപതിന് കൊച്ചി അറയ്ക്കൽ ചുള്ളിപ്പറമ്പിൽ കെ.എസ്. രഘുനാഥാണ് ഗോകുലിനെ ഗുരുവായൂരിൽ നടയിരുത്തിയത്.കൊമ്പൻ ഗോകുൽ ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആനപ്രേമിസംഘം പ്രസിഡന്റ് കെ.പി. ഉദയൻ ആവശ്യപ്പെട്ടു. ദേവസ്വത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

Related Articles

Back to top button