Kozhikode

ഡോക്ടറെ വെട്ടിയ സംഭവംപ്രതി സനൂപിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഇന്ന് അപേക്ഷനൽകും

Please complete the required fields.




താമരശ്ശേരി : ഗവ. താലൂക്ക് ആശുപത്രിയിൽക്കയറി അസി. സർജൻ ഡോ. പി.ടി. വിപിനിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി താമരശ്ശേരി കോരങ്ങാട് ആനപ്പാറപ്പൊയിൽ സനൂപി(40)നെ പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി അന്വേഷണസംഘം ശനിയാഴ്ച കോടതിയിൽ അപേക്ഷനൽകും. കോഴിക്കോട് സബ്ജയിലിലേക്ക് റിമാൻഡുചെയ്ത സനൂപിനെ വിശദമായ തെളിവെടുപ്പിനും മൊഴിയെടുക്കലിനുമായാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഇതിനായി ശനിയാഴ്ച കസ്റ്റഡി അപേക്ഷ നൽകുമെന്ന് അന്വേഷണോദ്യോഗസ്ഥനായ താമരശ്ശേരി ഇൻസ്പെക്ടർ എ. സായൂജ്കുമാർ അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സനൂപ് ആശുപത്രിയിൽക്കയറി കൊടുവാൾകൊണ്ട് ഡോക്ടറുടെ തലയ്ക്കുവെട്ടിയത്.

സനൂപ് മക്കൾക്കൊപ്പം ആശുപത്രിയിലെത്തിയതിന്റെയും പിന്നീട് രണ്ടുതവണയായി ഓഫീസിലേക്ക് കയറിയതിന്റെയും പിന്നീട് അക്രമംനടത്തിയതിന്റെയുമെല്ലാം ആശുപത്രിക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ താമരശ്ശേരി പോലീസ് പരിശോധിച്ചു.
ടെക്‌നീഷ്യന്റെ അഭാവത്തിൽ വെള്ളിയാഴ്ച ദൃശ്യങ്ങൾ ശേഖരിച്ചില്ലെന്നും അവ അടുത്തദിവസം ആശുപത്രിയിൽനിന്ന്‌ ശേഖരിക്കുമെന്നും ഇൻസ്പെക്ടർ പറഞ്ഞു. അക്രമത്തിൽ പരിക്കേറ്റ ഡോക്ടർ പി.ടി. വിപിനിന്റെ വിശദമായ മൊഴിയെടുത്ത്, വെട്ടാനുപയോഗിച്ച കൊടുവാൾ തിരിച്ചറിഞ്ഞശേഷം, ആയുധം ശാസ്ത്രീയപരിശോധനയ്ക്കായി കണ്ണൂരിലെ ഫൊറൻസിക് സയൻസ് ലാബിലേക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ഡോക്ടർക്കെതിരായ അക്രമത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ നടത്തുന്ന പണിമുടക്കിനെത്തുടർന്ന് തുടർച്ചയായ മൂന്നാംദിനവും താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ മുടങ്ങി.ഒപി ഉൾപ്പെടെ അടച്ചിട്ട ആശുപത്രിയുടെ കാഷ്വാലിറ്റിയിൽ അടിയന്തരചികിത്സമാത്രമാണ് കഴിഞ്ഞദിവസവും ലഭ്യമാക്കിയത്. സമരം തുടരുന്നതറിയാതെ താലൂക്ക് ആശുപത്രിയിലേക്കുവന്ന രോഗികൾ മടങ്ങിപ്പോയി.അക്രമസംഭവത്തിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ പോലീസ് സാന്നിധ്യം തുടരുകയാണ്. കഴിഞ്ഞദിവസങ്ങളിലേതുപോലെ വെള്ളിയാഴ്ചയും രണ്ട് പോലീസുകാരെ പിക്കറ്റ് പോസ്റ്റ് ഡ്യൂട്ടിക്ക്‌ താത്കാലികമായി നിയോഗിച്ചിരുന്നു.

Related Articles

Back to top button