India

ഫീസ് അടച്ചില്ല, പത്താം ക്ലാസുകാരനെ പരീക്ഷയ്ക്കിടെ തറയിലിരുത്തി സ്കൂള്‍ അധികൃതർ

Please complete the required fields.




മുംബൈ: ഫീസ് കുടിശ്ശിക വരുത്തിയതിന്റെ പേരില്‍ പത്താം ക്ലാസ് വിദ്യാർത്ഥിയെ പരീക്ഷാ ഹാളിലെ തറയിലിരുത്തി സ്കൂള്‍ അധികൃത‍ര്‍. മഹാരാഷ്ട്രയിലെ ഭിവണ്ടിയിലുള്ള സലാഹുദ്ദീൻ അയ്യൂബി മെമ്മോറിയൽ ഉറുദു ഹൈസ്‌കൂളിലാണ് സംഭവം. ഫഹദ് ഫാഇസ് ഖാൻ എന്ന വിദ്യാർത്ഥിക്കാണ് സ്കൂളിൽ നിന്ന് ദുരനുഭവമുണ്ടായത്. അർദ്ധവാർഷിക പരീക്ഷയുടെ ആദ്യ ദിവസമായിരുന്നു സംഭവം. മറ്റ് വിദ്യാർത്ഥികളോടൊപ്പം ഇരിക്കാൻ അനുവദിക്കാതെ കുട്ടിയെ ക്ലാസ് മുറിയിലെ തറയിൽ ഇരുത്തി പരീക്ഷ എഴുതിക്കുകയായിരുന്നു.

അച്ഛാ, ഫീസ് എപ്പോഴാണ് അടയ്ക്കുന്നത്? എന്നായിരുന്നു കരച്ചിലിനിടയിലെ വിദ്യാ‍‍ര്‍ത്ഥിയുടെ ചോദ്യം. ഫീസ് അടയ്ക്കുന്നതിനായി പിതാവ് സ്കൂളെത്തിയപ്പോഴായിരുന്നു സംഭവം കണ്ടത്. ഫീസ് അടയ്ക്കാത്തതിന്‍റെ പേരിൽ സ്കൂളിൽ നിന്ന് നേരിട്ട അപമാനം സഹിക്കാനാവാതെയാണ് കുട്ടി ഈ ചോദ്യം ചോദിച്ചതെന്നായിരുന്നു പിതാവിന്റെ മറുപടി.
ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ വിദ്യാർത്ഥിയുടെ ആത്മാഭിമാനത്തെയും അവകാശങ്ങളെയും ഹനിക്കുന്ന നടപടിയാണ് സ്കൂൾ അധികൃതർ സ്വീകരിച്ചതെന്ന് കുടുംബം ആരോപിച്ചു. 2,500 രൂപയാണ് കുട്ടി ഫീസായി അടക്കാനുണ്ടായിരുന്നത്. ഇതിൽ 1,200 രൂപ നേരത്തേ അടച്ചിരുന്നു. ബാക്കിയുള്ള 1,300 രൂപ കുടിശ്ശികയുടെ പേരിലാണ് ഇത്തരമൊരു നടപടിയുണ്ടായത്.

കൂടാതെ, കഴിഞ്ഞ വർഷത്തെ ഒൻപതാം ക്ലാസ് പരിക്ഷ ഫലവും സ്കൂൾ അധികൃത‍ര്‍ തടഞ്ഞുവെച്ചതായി പിതാവ് ആരോപിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് കുട്ടിയെ പരീക്ഷ പൂർത്തിയാക്കാൻ സ്കൂളിലേക്ക് തിരിച്ചയക്കുകയും ചെയ്തു. കുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിനും അദ്ധ്യാപകർക്കുമെതിരെ പൊലീസ് കേസെടുത്തു.

Related Articles

Back to top button