
കോഴിക്കോട് : വീട്ടുകാർ പുറത്തുപോയ സമയത്ത് വീട്ടിനുള്ളിൽനിന്ന് ഒന്നരപ്പവൻ തൂക്കംവരുന്ന സ്വർണാഭരണങ്ങളും 6000 രൂപയും നഷ്ടപ്പെട്ടതായി പരാതി. എരഞ്ഞിപ്പാലം മുത്തപ്പൻകാവിന് സമീപം ‘പൊട്ടക്കാട്ട്’ ഹൗസിൽ പി.ആർ. സുരേഷിന്റെ വീട്ടിൽ കഴിഞ്ഞ നാലിനാണ് മോഷണം നടന്നത്.
സുരേഷും ഭാര്യയും മകനും പുറത്തുപോയ സമയത്ത് രാവിലെ 10.30-നും 11.30-നും ഇടയിലാണ് മോഷണം നടന്നത്. വാതിൽ തുറന്നുകിടക്കുന്നതുകണ്ട് പരിശോധിച്ചപ്പോഴാണ് മോഷണ വിവരമറിഞ്ഞത്.കിടപ്പുമുറിയിൽനിന്ന് ഒരുപവൻ തൂക്കംവരുന്ന കരിമണിമാലയും നാലുഗ്രാം തൂക്കംവരുന്ന സ്വർണക്കമ്മലുമാണ് നഷ്ടപ്പെട്ടത്. മേശ വലിപ്പിൽനിന്ന് 6000 രൂപയും മോഷ്ടിച്ചു. നടക്കാവ് പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധർ സംഭവസ്ഥലത്തെത്തി പരിശോധിച്ചു.





