
പുതിയ സി-സെഗ്‌മെൻ്റ് എസ്‌യുവിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് നിസാൻ മോട്ടോർ ഇന്ത്യ. ടെക്റ്റൺ എന്ന് പേരിട്ടിരിക്കുന്ന വാഹനമാണ് നിസാൻ ഇന്ത്യൻ വിപണിയിലേക്ക് എത്തിക്കുന്നത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി വിക്ടോറിസ് എന്നിവയായിരിക്കും ടെക്റ്റണിന്റെ മുഖ്യ എതിരാളി. 2026ലാകും വാഹനം വിപണിയിൽ എത്തിക്കുക. എന്നാൽ ഈ SUV ഇതിനോടകം ഡീലർമാരുടെ മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.റെനോയുമായി സഹകരിച്ച് ചെന്നൈയിലെ പ്ലാന്റിലാണ് വാഹനം ഒരുങ്ങുന്നത്. ഗ്രീക്ക് ഭാഷയിൽ നിന്ന് വാസ്തുശില്പി എന്ന് അർഥം വരുന്ന പേരാണ് ടെക്റ്റൺ. കമ്പനിയുടെ നിരയിൽ മാഗ്നൈറ്റിന് മുകളിലായിരിക്കും ടെക്‌ടൺ വരിക. 2026 ലെ രണ്ടാം പാദത്തോടെ വാഹനം എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
നിലവിൽ, വരാനിരിക്കുന്ന നിസാൻ ടെക്ടണിന്റെ ഡിസൈൻ മാത്രമേ നിസ്സാൻ വെളിപ്പെടുത്തിയിട്ടുള്ളൂ. പെട്രോൾ, ടർബോ-പെട്രോൾ, ഹൈബ്രിഡ് പവർപ്ലാന്റുകൾ എന്നിവയുൾപ്പെടെ നിരവധി പവർട്രെയിൻ ഓപ്ഷനുകൾ ഇതിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസൈനിന്റെ കാര്യത്തിൽ, നിസ്സാൻ പറയുന്നത് ഫ്ലാഗ്ഷിപ്പ് പട്രോൾ എസ്‌യുവിയിൽ നിന്ന് വളരെയധികം പ്രചോദനം ഉൾക്കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത് എന്നാണ്.മുൻവശത്ത് ഒരു ഫ്ലാറ്റ് ബോണറ്റ് ഇതിന് ലഭിക്കുന്നു. ബമ്പറും വളരെ ബോൾഡായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. റിയർ സ്പോയിലർ, ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള ബ്രേക്ക് ലാമ്പ്, വലിയ അലോയ് വീലുകൾ എന്നിവ പ്രീമിയം എസ്‌യുവി ലുക്ക് നൽകുന്നു. പിൻവശത്തെ ടെയിൽലാമ്പുകളും പട്രോളിനെ ഓർമ്മിപ്പിക്കുന്നു. ടെക്ടണിന്റെ ഉൾഭാഗത്തും ഒരു മിനിമലിസ്റ്റിക് സമീപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിന്നത്.





