Kerala

കേസ് എടുക്കേണ്ടെന്ന് ചീഫ് ജസ്റ്റീസിന്റെ നിർദേശം; ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകനെ വിട്ടയച്ച് പൊലീസ്

Please complete the required fields.




ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്ക്ക് നേരെ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകൻ രാകേഷ് കിഷോറിനെ പൊലിസ് വിട്ടയച്ചു. കേസ് എടുക്കേണ്ടെന്ന ചീഫ് ജസ്റ്റീസിന്റെ നിർദേശപ്രകാരമാണ് നടപടി. എന്നാൽ രാകേഷ് കിഷോറിനെ ബാർ കൗൺസിൽ സസ്പെൻഡ് ചെയ്തു. സനാതന ധർമ്മത്തെ അപമാനിക്കുന്നത് സഹിക്കില്ലെന്ന് പറഞ്ഞായിരുന്നു ചീഫ് ജസ്റ്റിസിന് നേരെ അഭിഭാഷകൻ രാകേഷ് കിഷോർ ഷൂ എറിയാൻ ശ്രമിച്ചത്. ഇതൊന്നും തന്നെ ബാധിക്കില്ലെന്നാണ് ചീഫ് ജസ്റ്റിസിന്റെ മറുപടി.

ഇന്ന് രാവിലെയായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ ബെഞ്ച് ചേർന്ന സമയത്ത് കോടതി മുറിക്കുള്ളിൽ നാടകീയ രംഗങ്ങൾ നടന്നത്. അഭിഭാഷകർ കേസ് പരാമർശിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്കുനേരെ ഷൂ എറിയാൻ ശ്രമിച്ചത്. കൃത്യസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥർ എത്തി തടഞ്ഞു. അതിക്രമം നടത്തിയ അഭിഭാഷകനെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.ഖജുരാഹോയിലെ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് അത് ദൈവത്തോട് പോയി പറയൂ എന്ന് അഭിപ്രായപ്പെട്ടിരുന്നു.ഇതിനെതിരെ ചില ഹിന്ദു സംഘടനകൾ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇന്ന് ചീഫ് ജസ്റ്റിസിനെതിരെ കോടതിയിൽ പ്രതിഷേധം ഉണ്ടായതെന്നാണ് വിവരം. സംഭവത്തെ അപലപിച്ച് അഭിഭാഷക സംഘടനകൾ രംഗത്തെത്തി.

Related Articles

Back to top button