Kozhikode

പണികഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോഴേക്കും റോഡ് തകർന്നു

Please complete the required fields.




കോഴിക്കോട് : പണികഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോഴേക്കും റോഡ് തകർന്നു. മാങ്കാവ് കല്പള്ളി മാധവമേനോൻ റോഡും കച്ചേരിക്കുന്ന് റോഡിന്റെ പലഭാഗങ്ങളുമാണ് കുഴികളായിട്ടുള്ളത്. കച്ചേരിക്കുന്ന് റോഡിൽ പലഭാഗത്തും റോഡ് തകർന്നുകിടക്കുകയാണ്. ചാലിയിൽ പള്ളിക്കുസമീപമുള്ള ഭാഗത്ത് ഇറക്കത്തിലാണ് വലിയതോതിൽ പൊളിഞ്ഞുകിടക്കുന്നത്. ഇതിനുസമീപത്തെല്ലാം ചെറുതും വലുതുമായ കുഴികളുണ്ട്.

കുറച്ചുഭാഗത്ത് ഇന്റർലോക്കിട്ടിട്ടുണ്ട്. അതും ഇളകിത്തുടങ്ങി. റോഡിന്റെ പണികഴിഞ്ഞിട്ട് രണ്ടരമാസത്തോളമേ ആയിട്ടുള്ളൂവെന്ന് പ്രദേശത്തുള്ളവർ പറഞ്ഞു. മഴതുടങ്ങിയതോടെ യാത്ര അപകടക്കെണിയാവുന്നുണ്ട്. മാങ്കാവ് കല്പള്ളി മാധവമേനോൻ റോഡി(കല്പക റോഡ്)ലും സമാനരീതിയിലാണ് പ്രശ്നം. റോഡിന്റെ പണിതുടങ്ങിയശേഷം പാതിയിൽ നിർത്തിയിരുന്നു. അതിനുശേഷം കഴിഞ്ഞ ഡിസംബറോടെയാണ് പണി പൂർത്തിയാക്കിയതെന്ന് കൗൺസിലർ ഓമനാ മധു പറഞ്ഞു.

എന്നാൽ, ആറുമാസത്തിനിടെ റോഡ് തകർന്നെന്നാണ് പറയുന്നത്. ഇപ്പോൾ റോഡിൽ നിറയെ കുഴിയാണ്. പണികഴിഞ്ഞ് ചുരുങ്ങിയസമയത്തിനുള്ളിൽത്തന്നെ റോഡ്‌ തകർന്നത് പരിശോധിക്കണമെന്ന് കൗൺസിലർ സൗഹിദാ സുലൈമാനും ഓമനയും കോർപ്പറേഷൻ കൗൺസിലിൽ ഉന്നയിച്ചിരുന്നു. കരാറെടുത്തവരുടെ വീഴ്ചയാണിതിന് കാരണമെന്നാണ് ഇവരുടെ ആരോപണം. നഗരത്തിന്റെ മറ്റുഭാഗത്തും പലയിടത്തും റോഡുകൾ തകർന്നുകിടക്കുന്നുണ്ട്. അത്താണിക്കൽ-പാറമ്മൽ റോഡും പലഭാഗവും പൊളിഞ്ഞിട്ടുണ്ട്.

റോഡ് നന്നാക്കാനുള്ള ഉത്തരവാദിത്വം കരാറുകാർക്കുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തുനൽകിയിട്ടുണ്ടെന്നും സൂപ്രണ്ടിങ് എൻജിനിയനർ കെ.എൻ. ബിജോയ് പറഞ്ഞു. സൂപ്പർവൈസറുടെ മേൽനോട്ടത്തിലാണ് റോഡ് ടാറിങ് ഉൾപ്പെടെയുള്ള പണികൾ ചെയ്യേണ്ടത്. കരാറുകാർ പണിയെടുത്തില്ലെങ്കിൽ നടപടിയെടുക്കുമെന്നും സൂപ്രണ്ടിങ് എൻജിനിയർ പറഞ്ഞു.

Related Articles

Back to top button