India

കാര്‍ ഓട്ടോയിലിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു; കുട്ടികളുടെ പരിക്ക് ഗുരുതരമെന്ന് കരുതി ഓട്ടോഡ്രൈവര്‍ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Please complete the required fields.




ബേത്തൂര്‍പാറ: ബേത്തൂര്‍പാറ സ്‌കൂളിന് സമീപം കാര്‍ ഓട്ടോറിക്ഷയ്ക്ക് പിറകിലിടിച്ച് ഓട്ടോയിലുണ്ടായിരുന്ന മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു . ഇത് കണ്ടതോടെ ഓട്ടോഡ്രൈവര്‍ വാഹനത്തിലുണ്ടായിരുന്ന ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.ബേത്തൂര്‍പാറയില്‍നിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്ന ഓട്ടോക്ക് പിറകിലാണ് നിയന്ത്രണം തെറ്റിവന്ന കാര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയുടെ പിറകുഭാഗം തകരുകയും ഓട്ടോയിലുണ്ടായിരുന്ന മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കുപറ്റുകയും ചെയ്തു.

ബേത്തൂര്‍പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ പള്ളഞ്ചിയിലെ ശ്രീഹരി, അതുല്‍, ആദര്‍ശ് എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്. വിദ്യാര്‍ഥികളുടെ പരിക്ക് ഗുരുതരമാണെന്ന് കരുതിയാണ് ഓട്ടോഡ്രൈവര്‍ പള്ളഞ്ചിയിലെ കെ. അനീഷ് (40) ഓട്ടോയിലുണ്ടായിരുന്ന ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പോലീസ് കരുതുന്നത്. പരിക്കുപറ്റിയ വിദ്യാര്‍ഥികളെ ചെങ്കള ഇ.കെ. നായനാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ പരിക്ക് ഗുരുതരമല്ല. ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയിലായ ഓട്ടോഡ്രൈവര്‍ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. ബജ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് അധ്യാപകനായ ബെനറ്റ് ആണ് കാര്‍ ഓടിച്ചിരുന്നത്. പരിക്കുപറ്റിയ ബെനറ്റ് കുറ്റിക്കോലില്‍ പ്രാഥമിക ചികിത്സ തേടി.

Related Articles

Back to top button