പ്രധാനാധ്യാപകന്റെ മർദ്ദനത്തിൽ കുട്ടിയുടെ കർണപുടം തകർന്ന സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കാസർഗോട്ട് അധ്യാപകൻ വിദ്യാർഥിയുടെ കർണപുടം അടിച്ചു തകർത്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. കാസർഗോഡ് ഡെപ്യൂട്ടി ഡയറക്ടർക്കാണ് അന്വേഷണ ചുമതല. വിദ്യാർഥികൾ തെറ്റു ചെയ്താൽ നിയമം നോക്കിമാത്രമേ ശിക്ഷാനടപടികൾ സ്വീകരിക്കാൻ പാടുള്ളൂ. ഒരു കാരണവശാലും കുട്ടികളെ ഉപദ്രവിക്കുന്ന നിലയുണ്ടാകാൻ പാടില്ല. മന്ത്രി വ്യക്തമാക്കി.
വിഷയത്തിൽ ബാലവകാശ കമ്മിഷൻ സ്വമേധയ കേസെടുത്തിരുന്നു. കാസർഗോഡ് കുണ്ടംകുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിക്കാണ് മർദനമേറ്റത്. ഹെഡ്മാസ്റ്റർ എം അശോകനെതിരെയാണ് പരാതി. അസംബ്ലിയിൽ നിൽക്കുമ്പോൾ തൊട്ടുമുന്നിൽ ചെളി ഉണ്ടായിരുന്നു. അത് നീക്കാൻ ശ്രമിച്ചപ്പോഴാണ് അധ്യാപകൻ മർദ്ദിച്ചതെന്ന് വിദ്യാർഥി പറഞ്ഞു.അതേസമയം സുരേഷ് ഗോപി രാജിവെക്കണമെന്ന് പറഞ്ഞ വി ശിവൻകുട്ടി അദ്ദേഹം കള്ളവോട്ട് കൊണ്ട് ജയിച്ചതാണെന്നും ആരോപിച്ചു. വോട്ടർ പട്ടികയിൽ ക്രമക്കേട് കാട്ടിയത് ജനാധിപത്യ രീതിക്ക് ചേർന്നതല്ല. സുരേഷ് ഗോപി വാനരൻ എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നു. വോട്ടർ പട്ടിക ക്രമക്കേടിൽ അന്വേഷണം നടക്കുകയാണ്. സുരേഷ് ഗോപി രാജിവെച്ച് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടക്കണം. സുരേഷ് ഗോപിയെ വേണമെങ്കിൽ വേറെ പേര് വിളിക്കാം, പക്ഷേ താൻ അത് ചെയ്യുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നാലാംക്ലാസ് പരിസരപഠനം കൈപ്പുസ്തകത്തിലെ നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചുള്ള പരാമർശത്തിൽ ചരിത്രപരമായ പിശക് സംഭവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരട് പുസ്തകത്തിലാണ് അങ്ങനെ വന്നത്. തിരുത്തി. പാഠപുസ്തകം തയാറാക്കിയവർ ഇനി ആ ചുമതലയിൽ ഉണ്ടാവില്ല. അവരെ ഡീബാർ ചെയ്തുവെന്നും മന്ത്രി പറഞ്ഞു. സിപിഐഎമ്മിലെ കത്ത് ചോർച്ചാ വിവാദത്തിൽ പാർട്ടി ക്ലാരിറ്റി വരുത്തുമെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരണമാണിതെന്നും അദ്ദേഹം പറഞ്ഞു.





