
തിരുവനന്തപുരം: ഓട്ടോ – ടാക്സി ചാര്‍ജ് വർധിപ്പിക്കണമെന്ന ആവശ്യത്തെക്കുറിച്ച് സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്‍റണി രാജു ഡിസംബർ 29 ന് ചര്‍ച്ച നടത്തും. രാവിലെ 10 ന് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിൽ വച്ചാണ് ചര്‍ച്ച. ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും. ചാർജ് വർധിപ്പിക്കുന്നതുൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് സംഘടനകൾ നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് യോഗം ചേരുന്നത്.
ഡിസംബർ 30 ന് സംസ്ഥാനത്തെ മുഴുവൻ ഓട്ടോ ടാക്സി തൊഴിലാളികളും പണിമുടക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ധന വിലയ്ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാൽ ആനുപാതികമായി ഓട്ടോ ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യമുയർത്തിയാണ് തൊഴിലാളികൾ പണിമുടക്കിന് ഒരുങ്ങുന്നത്. അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നതിന്‍റെയും ഇന്ധനവില വർധനയുടേയും സാഹചര്യത്തിൽ ഓട്ടോ തൊഴിലാളികൾ പ്രതിസന്ധിയിലാണ്. അതിനാൽ ഓട്ടോ മിനിമം ചാർജ് നിലവിലുള്ളതിനേക്കാൾ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇതിന് മുമ്പ് ഓട്ടോ, ടാക്സി നിരക്ക് സംസ്ഥാനത്ത് ഏറ്റവുമൊടുവിൽ കൂട്ടിയത് 2018 ഡിസംബറിലാണ്. അതിന് ശേഷം പല തവണ പെട്രോളിനും ഡീസലിനും വില കൂടിയെങ്കിലും ഓട്ടോ ടാക്സി നിരക്ക് ഉയർത്തിയിട്ടില്ല.
അതേ സമയം ബസ് ഉടമകളും നിരക്ക് ഉയർത്തണമെന്ന ആവശ്യം സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്. എന്നാലിക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ബസ് ഉടമകൾ സമര പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ഗതാഗതവകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരം മാറ്റിവെച്ചിരിക്കുകയാണ്. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് ഉയർത്തണമെന്ന ആവശ്യവും ഇവർ മുന്നോട്ട് വെക്കുന്നു.





