
കുന്ദമംഗലം : പടനിലത്ത് കുമ്മങ്ങോട്ടുവളവിൽ കക്കൂസ് മാലിന്യം തള്ളിയ ടാങ്കർലോറിയും അകമ്പടിപോയ കാറും പോലീസ് പിന്തുടർന്ന് പിടികൂടി. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ടാങ്കർലോറി റോഡരികിൽ നിർത്തി പൂനൂർ പുഴയോരത്തേക്ക് കക്കൂസ് മാലിന്യം ഒഴുക്കുമ്പോഴാണ് പരിസരവാസി ഗേറ്റുതുറക്കുന്നതുകണ്ടത്. ഉടനെ ഇവർ പടനിലം ഭാഗത്തേക്ക് വാഹനമോടിച്ച് പോവുകയായിരുന്നു. വിവരമറിയിച്ചതിനെത്തുടർന്നെത്തിയ കുന്ദമംഗലം പോലീസ് പടനിലത്തുവെച്ച് ലോറി കൈകാണിച്ച് നിർത്താനാവശ്യപ്പെട്ടെങ്കിലും നരിക്കുനി ഭാഗത്തേക്ക് അതിവേഗത്തിൽ ഓടിച്ചുപോയി.
പോലീസ് ലോറിയെ പിന്തുടർന്നെങ്കിലും ജീപ്പ് കടത്തിവിടാൻ ലോറിക്കാർ തയ്യാറായില്ല. മാത്രമല്ല ലോറിയുടെ പിൻവശമുപയോഗിച്ച് പലതവണ പോലീസ് ജീപ്പിൽ ഇടിക്കാനും ശ്രമിച്ചു. ഇതിനിടെ, വിവരം കൺട്രോൾ റൂമിൽ അറിയിക്കുകയും അവരുടെ വാഹനവും ലോറിയെ പിടികൂടാനായി മടവൂർ ഭാഗത്തേക്ക് കുതിച്ചു.
ഈ സമയത്താണ് ഹോൺമുഴക്കി ഒരു കാർ വേഗത്തിലെത്തി കൺട്രോൾ റൂമിന്റെ വാഹനത്തെ തടസ്സപ്പെടുത്തി ലോറിക്ക് പോകാൻ വഴിയൊരുക്കുകയും ചെയ്തു. ഇതിനിടെ പലതവണ കൺട്രോൾ റൂം വാഹനത്തെയും ഇടിച്ച് അപായപ്പെടുത്താൻനോക്കി. പുലർച്ചെ രണ്ടരയോടെയാണ് കുന്ദമംഗലം സബ് ഇൻസ്പെക്ടർ ഉമ്മർ, സിപിഒ മുഹമ്മദ് ഷമീർ, ഹോംഗാർഡ് ചന്ദ്രൻ എന്നിവർ പൈമ്പാലശ്ശേരിയിൽവെച്ച് കാറിലുള്ളവരെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി കുന്ദമംഗലം സ്റ്റേഷനിലെത്തിച്ചത്. കൈവിട്ടുപോയ ടാങ്കർലോറിയുടെ ലോക്കേഷൻ മനസ്സിലാക്കിയ പോലീസ്, സിറ്റിയിലെ എല്ലാ പട്രോളിങ് വാഹനങ്ങൾക്കും വിവരം കൈകൈമാറുകയായിരുന്നു. തുടർന്ന് ലോറി പൂളാടിക്കുന്നിൽവെച്ച് പിടികൂടി കുന്ദമംഗലം സ്റ്റേഷനിലെത്തിച്ചു.
പിന്തുടരുന്നതിനിടെ ടാങ്കർലോറിയിടിച്ച് പോലീസ് വാഹനത്തിനും കൺട്രോൾറൂം വാഹനത്തിനും കേടുപറ്റി. സംഭവവുമായി ബന്ധപ്പെട്ട് വെസ്റ്റ്‌ഹിൽ സ്വദേശികളായ സുഭീഷ്, വിനോദ്കുമാർ, അർഷാദ്, രാജു എന്നിവരെ അറസ്റ്റുചെയ്തു. ഇതിനുമുൻപ് മൂന്നുതവണ കക്കൂസ് മാലിന്യം തള്ളിയ ലോറി കുന്ദമംഗലം പോലീസ് പിടികൂടിയിരുന്നു.





