Kozhikode

ഏഴ് മാസത്തിനിടെ മുങ്ങിമരിച്ചത് 501 പേർ; കൂടുതലും യുവാക്കൾ, അതിസാഹസികതയും ശ്രദ്ധക്കുറവും വിനയാകുന്നു

Please complete the required fields.




കോഴിക്കോട്: ഏഴു മാസത്തിനിടെ സംസ്ഥാനത്ത് ജലാശയങ്ങളിൽ മുങ്ങിമരിച്ചത് 501 പേർ. ജൂലായ് 26 വരെയുള്ള അഗ്‌നിരക്ഷാസേനയുടെ കണക്കാണിത്. വിദ്യാർഥികളും യുവാക്കളുമാണ് അപകടത്തിൽപ്പെടുന്നവരിൽ കൂടുതൽ. അതിസാഹസികതയും ഒഴുക്കിന്റെ ശക്തിയറിയാതെ തോട്ടിലും പുഴകളിലും ഇറങ്ങുന്നതുമാണ് പലർക്കും മരണക്കെണിയൊരുക്കുന്നത്.

ലഹരി ഉപയോഗിച്ച് ജലാശയത്തിൽ ഇറങ്ങുന്നതും ജീവൻ നഷ്‌ടപ്പെടുത്തുന്നു. മതിയായ സുരക്ഷയും കരുത്തുമില്ലാതെ വെള്ളത്തിൽ വീണവരെ രക്ഷിക്കാനിറങ്ങി അപകടത്തിൽപ്പെടുന്നവരുമുണ്ട്. 2024-ൽ സംസ്ഥാനത്താകെ 917 മുങ്ങിമരണമാണ് റിപ്പോർട്ട് ചെയ്തത്.
2024-ൽ അപകടങ്ങളിൽപ്പെട്ട് രക്ഷ തേടി അഗ്ന‌ിരക്ഷാസേനാ ഓഫീസുകളിലെത്തിയത് 4,2573 ഫോൺകോളുകൾ. ഇതിൽ 1396 പേരുടേതും ജലാശയ അപകടമാണ്. തീപ്പിടിത്തത്തിൽ 15,610, ആംബുലൻസുകൾക്കായി 136, സഹായത്തിനായി 1305 കോളുകളും ഫയർ സ്റ്റേഷനുകളിലെത്തി.നല്ലപോലെ നീന്തലറിയുന്നവരും ജലാശയങ്ങളിൽ അപകടത്തിൽപ്പെടുന്നത് കൂടിവരുന്നു. ശരീരത്തെ സജ്ജമാക്കാതെ വെള്ളത്തിൽ ഇറങ്ങുന്നത് അശാസ്ത്രീയമാണ്. മസിലുകൾ കോച്ചി മുങ്ങിപ്പോകാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിന്റെ ശേഷി അറിയാതെ ദീർഘദൂരനീന്തലിൽ ഏർപ്പെടരുത്. പരിചയമില്ലാത്ത ഇടങ്ങളിലെ ചുഴികളിലിറങ്ങി മുങ്ങിപ്പോകുന്നവരുണ്ട്

അപരിചിതസ്ഥലങ്ങളിൽ ഗൈഡിന്റെ നിർദേശം അനുസരിക്കണം. ഒറ്റയ്ക്ക് വെള്ളത്തിലിറങ്ങുന്നത് കഴിവതും ഒഴിവാക്കുക. മുങ്ങിത്താഴുന്നവർ കയറിപ്പിടിക്കുമ്പോൾ നമ്മുടെ സുരക്ഷ ഉറപ്പുവരുത്തണം.ജില്ല, മുങ്ങിമരിച്ചവർ: തിരുവനന്തപുരം 20 (മാർച്ച് വരെ), കൊല്ലം 54, പത്തനംതിട്ട 24, ആലപ്പുഴ 35, കോട്ടയം 41, ഇടുക്കി 27, എറണാകുളം 7, തൃശ്ശൂർ 18 (മാർച്ച് വരെ), പാലക്കാട് 15 (മാർച്ച് വരെ), മലപ്പുറം 25, കോഴിക്കോട് 54, കണ്ണൂർ 35, വയനാട് 16, കാസർകോട് 40.

Related Articles

Back to top button