
കൊച്ചി: കമ്പനിയിലെ ജീവനക്കാർ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവരും കുറ്റക്കാരല്ലെന്ന് കിറ്റക്സ് എംഡി സാബു ജേക്കബ്. 40ൽ താഴെ പേർ മാത്രമാണ് സംഭവത്തിലെ കുറ്റക്കാരെന്നാണ് സാബു ജേക്കബിന്റെ വിശദീകരണം. എന്നാൽ, പൊലീസ് 155 പേരെ പിടിച്ച് കൊണ്ടു പോയെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ എല്ലാവരും കുറ്റക്കാരാണെന്ന് കരുതുന്നില്ല. പൊലീസ് വാഹനം തീവെച്ച് നശിപ്പിച്ച ആളെ കിറ്റക്സ് കമ്പനി തന്നെയാണ് പിടികൂടി ഏൽപ്പിച്ചതെന്നും സാബു ജേക്കബ് അവകാശപ്പെട്ടു. അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കും.
കുറ്റക്കാരായ ഒരു തൊഴിലാളിയെയും രക്ഷപ്പെടാൻ അനുവദിക്കില്ല. കമ്പനി തൊഴിലാളികൾക്ക് ലഹരിവസ്തുക്കൾ ലഭിക്കുന്നതെങ്ങനെ എന്ന് അന്വേഷിക്കണമെന്നും കിറ്റക്സ് എംഡി ആവശ്യപ്പെട്ടു. തീർത്തും അപ്രതീക്ഷിതമായും യാദൃശ്ചികമായുമാണ് ഇന്നലെ രാത്രിയിലെ സംഘർഷമുണ്ടായതെന്നും ഒരു കൂട്ടം തൊഴിലാളികൾ ലഹരിമരുന്ന് ഉപയോഗിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നുമായിരുന്നു ഈ വിഷയത്തിലെ സാബു ജേക്കബിന്റെ ആദ്യ പ്രതികരണം.
കമ്പനിയുടെ പത്ത് വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഘർഷമെന്നും എന്നാൽ വിഷയം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി കമ്പനി അടച്ചു പൂട്ടിക്കാനാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും നീക്കമെന്നും സാബു ആരോപിച്ചിരുന്നു. എറണാകുളം കിഴക്കമ്പലത്ത് തർക്കം തീർക്കാനെത്തിയ പൊലീസിനെ ഇന്നലെ രാത്രിയാണ് കിറ്റക്സിലെ ഇതരസംസ്ഥാന തൊഴിലാളികൾ വളഞ്ഞിട്ടാക്രമിച്ചത്.
ക്രിസ്മസ് ആഘോഷത്തിനിടെ ഇതര സംസ്ഥാനതൊഴിലാളികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതറിഞ്ഞാണ് പൊലീസ് സ്ഥലത്ത് എത്തിയത്. പിന്നാലെ തൊഴിലാളികൾ പൊലീസുകാരേയും പൊലീസ് വാഹനങ്ങളും ആക്രമിക്കുകയായിരുന്നു. തൊഴിലാളികൾ പൊലീസ് ജീപ്പുകൾ തല്ലി തകർക്കുന്നതിന്റയും കത്തിക്കുന്നതിന്റെയും ദൃശ്യങ്ങൾ കിട്ടിയിരുന്നു.





