
കോഴിക്കോട് : തിക്കോടി മഴ വന്നതോടെ നാട്ടിൻപുറങ്ങളിലെ വീടുകളിലെല്ലാം ആർക്കും വേണ്ടാതെ വീണുനശിക്കുകയാണ് ചക്ക. ആവശ്യക്കാർക്ക് എപ്പോൾ വേണമെങ്കിലും പറിച്ചുകൊണ്ടുപോകാമെങ്കിലും അതിനും ആളില്ലാത്ത അവസ്ഥയാണ്. മലയാളികൾക്കിടയിൽ ഫാസ്റ്റ്ഫുഡ് സംസ്കാരം വ്യാപകമായതോടെ നാടൻവിഭവങ്ങളിൽ മുഖ്യമായിരുന്ന ചക്കപ്പുഴുക്ക്, ചക്കവരട്ടി, ചക്കപ്രഥമൻ, ചക്കപപ്പടം, ചക്കത്തോരൻ മുതലായ വിഭവങ്ങളെല്ലാം പുതിയ തലമുറയ്ക്ക് അന്യമായി.
അർബുദത്തെപോലും പ്രതിരോധിക്കാൻ കഴിയുമെന്ന് പറയുന്ന ചക്കക്കുരുവിന്റെ ഔഷധമൂല്യങ്ങളെ കുറിച്ച് ഗവേഷണങ്ങൾവരെ നടക്കുന്നുണ്ട്. എന്നാൽ, അതിർത്തികടന്ന് തമിഴ്നാട്ടിലെത്തിയാൽ ചക്ക കിട്ടാക്കനിയാണ്. ഒരു ചക്കച്ചുളയ്ക്ക് ഒന്നരയും രണ്ടും രൂപ വരെയാണ് അവിടത്തെ വില. മുൻപൊക്കെ തമിഴ്നാട്ടിൽനിന്ന് കേരളത്തിലെത്തി തിരിച്ചുപോകുന്ന ലോറികളിൽ ഇവിടെനിന്ന് ചക്ക കയറ്റിപ്പോയിരുന്നു.





