പേടകം അൺഡോക്ക് ചെയയ്തു; ശുഭാംശുവിന്റെ തിരിച്ചവരവിന് കാതോർത്ത് രാജ്യം, നാളെ വൈകീട്ട് ഭൂമിയിലെത്തും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ വാസത്തിനുശേഷം വ്യോമസേനാ ഗ്രൂപ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചുവരുന്നു. ഇന്ത്യൻ സമയം വൈകീട്ട് 4.35-ന് ക്രൂ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് അൺഡോക് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ പേടകം കാലിഫോർണിയാ തീരത്തിനടുത്ത് ശാന്തസമുദ്രത്തിൽ സ്‌പ്ലാഷ് ഡൗൺ ചെയ്യും. അതിനുശേഷം യാത്രികരെ പേടകത്തിൽനിന്ന് പുറത്തെത്തിച്ച് ബോട്ടുകളിൽ പുനരധിവാസകേന്ദ്രത്തിലേക്ക് കൊണ്ടുപോകും. ഭൂഗുരുത്വവുമായി പൊരുത്തപ്പെടുന്നതിനായി ഏഴുദിവസം ശുഭാംശു അവിടെയായിരിക്കും. നാസയുടെയും സ്പേസ് എക്‌സിന്റെയും മിഷൻ കൺട്രോളിൽനിന്ന് അന്തിമ അനുമതി ലഭിച്ചശേഷമാണ് ഡ്രാഗൺ ബഹിരാകാശ പേടകം ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെടുത്തിയത്.
പേടകത്തിന്റെ ഫ്ളൈറ്റ് കമ്പ്യൂട്ടറാണ് മടക്കയാത്ര മുഴുവൻ നിയന്ത്രിക്കുന്നത്. നാല് ബഹിരാകാശ യാത്രികരും മടക്കയാത്രയ്ക്കിടെ നിർദ്ദേശങ്ങളൊന്നും നൽകേണ്ടതില്ല. പൂർണ്ണമായും സ്വയം നിയന്ത്രിച്ചാവും ഡ്രാഗൺ ബഹിരാകാശ പേടകം ഭൂമിയിലേക്ക് മടങ്ങുക.
അൺഡോക്ക് ചെയ്യുന്നതിനുമുമ്പ് പേടകത്തിന്റെ വാതിൽ അടയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച്‌ച വൈകീട്ട് എക്സ‌്പെഡിഷൻ 73 ദൗത്യത്തിന്റെ ഭാഗമായി നിലയത്തിലുള്ള മറ്റ് ഏഴ് ശാസ്ത്രജ്ഞർ നാൽവർസംഘത്തിന് ഔദ്യോഗിക യാത്രയയപ്പ് നൽകിയിരുന്നു. ആറ് രാജ്യങ്ങളിൽനിന്നുള്ള വിഭവങ്ങൾ ഉൾപ്പെടുത്തി ഇവർ നേരത്തേ സംഘാംഗങ്ങൾക്ക് വിരുന്നും നൽകിയിരുന്നു. മാമ്പഴംകൊണ്ടുള്ള മറാത്തിവിഭവമായ ആംരസും കാരറ്റ് ഹൽവയും ഉൾപ്പെട്ട വിരുന്നാണ് ശാസ്ത്രജ്ഞർ ശുഭാംശു ഉൾപ്പെട്ട സംഘത്തിന് നൽകിയത്.





