Kozhikode

ഇനിയൊരു ജീവനും പുഴയിൽ പൊലിയരുത് പുഴയോരങ്ങളിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കും

Please complete the required fields.




കക്കയം : ഇനിയൊരു ജീവനും ഈ പുഴയിൽ പൊലിയരുത്, ഇനിയൊരുതുള്ളി കണ്ണീരും ഈ പുഴക്കരയിൽ വീഴരുത്, ഇനിയൊരാളും അപകടത്തിൽപ്പെടരുത്… ഈ ലക്ഷ്യങ്ങൾ മുൻനിർത്തി കക്കയം, കരിയാത്തുംപാറ മേഖലകളിൽ ഗൈഡുമാരുടെ സാന്നിധ്യമില്ലാത്ത പുഴക്കരകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് അറിയിച്ചു.
അനുവദനീയമല്ലാത്ത മേഖലകളിൽ പ്രവേശിക്കുന്ന സഞ്ചാരികൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് കൂരാച്ചുണ്ട് പോലീസും അറിയിച്ചു. അധികൃതരുടെ അനാസ്ഥകാരണവും മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതുകാരണവും കക്കയം, കരിയാത്തുംപാറ മേഖലയിലെത്തുന്ന വിനോദസഞ്ചാരികൾ തുടർച്ചയായി അപകടത്തിൽപ്പെടുന്നത് സംബന്ധിച്ച് ‘മാതൃഭൂമി’ നൽകിയ വാർത്തയെ തുടർന്നാണ് നടപടി.

ജലാശയങ്ങളെക്കുറിച്ച് അറിയാവുന്ന പ്രദേശവാസികളുടെ വാക്കുകൾ മുഖവിലയ്ക്കെടുക്കാൻ സഞ്ചാരികൾ വിമുഖതകാണിക്കുന്നതാണ് അപകടത്തിനിടയാക്കുന്നത്. പുഴ പുറമേ ശാന്തമാണെങ്കിലും ചുഴിയും കുത്തൊഴുക്കും പുഴയുടെ പ്രവചനാതീതസ്വഭാവവും കാരണം അപകടങ്ങൾ തുടർക്കഥയാവുകയാണ്.പലവിധത്തിൽ പുഴകൾ അപകടക്കെണിയാകാം. ചുഴി, അടിയൊഴുക്ക്, പാറക്കെട്ടുകളിലെ വഴുക്കൽ, മുങ്ങാങ്കുഴിയിടുന്നവരെ കുടുക്കുന്ന കരിങ്കൽചീളുകൾ, കുഴികൾ എന്നിവ അപകടമുണ്ടാക്കും. പാറകളും തെളിഞ്ഞ തണുത്തവെള്ളവും കണ്ട് പുഴയിലിറങ്ങുന്നവർ ആഴംകൂടിയ കയങ്ങളിലും ചുഴികളിലുംപെട്ട് മരിക്കുകയാണ്.

വിനോദസഞ്ചാരികളും പ്രദേശവാസികളും തമ്മിലുള്ള തർക്കത്തിനും ഇത് കാരണമാകാറുണ്ട്. പലപ്പോഴും ശബ്ദംകേട്ടെത്തുന്ന പ്രദേശവാസികളുടെ ഇടപെടലുകൾ കാരണമാണ് ജീവൻ രക്ഷപ്പെടുത്താൻ സാധിക്കുന്നത്. അപായമില്ലാതെ കുളിക്കാൻപറ്റിയ സ്ഥലം എവിടെയാണെന്ന് അറിയാതെയാണ് പലരും പുഴയിലേക്കിറങ്ങുക. പുഴയെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും അറിയാവുന്ന പ്രദേശവാസികളുടെയും ഗൈഡുമാരുടെയും വാക്കുകൾ മുഖവിലയ്ക്കെടുക്കാൻ സഞ്ചാരികൾ തയ്യാറായാൽത്തന്നെ അപകടസാധ്യത കുറയും.

Related Articles

Back to top button