തേങ്ങ മോഷ്ടിച്ചുകടത്തവേ സ്കൂട്ടർ നിന്നുപോയി മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു

കോഴിക്കോട് :താമരശ്ശേരി രണ്ടുപേർ അതിരാവിലെയെത്തി തെങ്ങിൻതോപ്പിൽ കൂട്ടിയിട്ട ഇരുപത്തിയഞ്ചോളം തേങ്ങ അവിടെത്തന്നെയുണ്ടായിരുന്ന രണ്ടു ചാക്കുകളിൽ നിറച്ച്, കടന്നുകളയവെ വാഹനം ചതിച്ചു. മോഷണമുതലുമായി സ്ഥലത്തുനിന്ന് അല്പദൂരം മുന്നോട്ടുപോയപ്പോഴേക്കും യന്ത്രത്തകരാറിനെത്തുടർന്ന് സ്കൂട്ടർ പണിമുടക്കി. അതോടെ നാട്ടുകാർ സംഘടിച്ച് രണ്ടുപേരെയും തടഞ്ഞുവെക്കുകയും ‘കൈകാര്യം’ചെയ്തശേഷം പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. താമരശ്ശേരി കോരങ്ങാട് വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം.
കോരങ്ങാട് കൊടോളി സലാമിന്റെ ആനപ്പാറപൊയിലിലെ തെങ്ങിൻതോപ്പിൽ കൂട്ടിയിട്ടിരുന്ന തേങ്ങയാണ് മോഷ്ടിച്ചത്. തെങ്ങിൽ കയറാൻ ഉപയോഗിക്കുന്ന തളപ്പ്, ഉൾപ്പെടെയുള്ള സാമഗ്രികളുമായാണ് യുവാക്കൾ സ്കൂട്ടറിൽ രാവിലെ സലാമിന്റെ പറമ്പിലെത്തിയത്.
വളം കൊണ്ടുവരാൻ ഉപയോഗിച്ച്, സലാം വീട്ടുപറമ്പിൽതന്നെ വെച്ചിരുന്ന രണ്ട് ചാക്കുകളിലേക്ക് അവിടെ കൂട്ടിയിട്ടിരുന്ന തേങ്ങ എടുത്തിടുകയായിരുന്നു. സമീപത്ത് മരണംനടന്ന ഒരു വീട്ടിൽ പോയി മടങ്ങിയെത്തുമ്പോഴാണ് റോഡിൽ നിർത്തിയിട്ട സ്കൂട്ടറിലേക്ക് തന്റെ പറമ്പിൽനിന്നുള്ള തേങ്ങ നിറച്ച രണ്ടാമത്തെ ചാക്ക് രണ്ടുപേർ ചേർന്ന് കയറ്റുന്നത് സലാം കാണുന്നത്. ഉടനെ ബഹളംവെച്ച് തന്റെ ബൈക്കുമെടുത്ത് അദ്ദേഹം യുവാക്കളെ പിന്തുടർന്നു. എന്നാൽ, അധികസമയം കഴിയുന്നതിനുമുൻപുതന്നെ ഇരുവരും സഞ്ചരിച്ച സ്കൂട്ടർ നിന്നുപോവുകയും നാട്ടുകാർ ചുറ്റുംകൂടുകയുമായിരുന്നു.
സ്കൂട്ടറിൽ തേങ്ങ മോഷ്ടിച്ചുകടത്തിയെന്നാരോപിച്ച് ചുങ്കം, അമ്പായത്തോട് സ്വദേശികളായ യുവാക്കളെയാണ് നാട്ടുകാർ തടഞ്ഞുവെച്ചത്. ഇവർ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് താമരശ്ശേരി പോലീസിൽ വിവരമറിയിക്കുകയും എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് ഇരുവരെയും കൈമാറുകയുമായിരുന്നു. മദ്യലഹരിയിലായിരുന്ന യുവാക്കളെ നാട്ടുകാർ നല്ലപോലെ പെരുമാറിയതിനാലും രേഖാമൂലം പരാതിലഭിക്കാത്തതിനാലും ഇരുവരെയും പിന്നീട് താക്കീത് നൽകിയശേഷം പോലീസ് വിട്ടയച്ചു. പ്രദേശത്തെ ഒട്ടേറെ സ്ഥലങ്ങളിൽനിന്ന് തേങ്ങയും അടയ്ക്കയും ഉൾപ്പെടെയുള്ള കാർഷികവിളകൾ സമീപകാലത്ത് മോഷണംപോയിരുന്നു. പത്തുദിവസംമുൻപ് മൂന്നാംതോട് ഭാഗത്തുനിന്ന് ഒരു തെങ്ങിൻതോപ്പിൽ കൂട്ടിയിട്ട ചാക്കുകണക്കിന് തേങ്ങയാണ് മോഷ്ടാക്കൾ പൊതിച്ചശേഷം കടത്തിക്കൊണ്ടുപോയത്.





