Kozhikode

ആത്മബന്ധത്തിന്റെ കഥപറഞ്ഞ് സ്മിതയുടെ ചിത്രപ്രദർശനം

Please complete the required fields.




കോഴിക്കോട് : മനുഷ്യന് മൃഗങ്ങളുമായും പക്ഷികളുമായും പ്രകൃതിയുമായുള്ള ആത്മബന്ധത്തിന്റെ കഥപറയുകയാണ് കെ.ഇ. സ്മിത തന്റെ ‘ട്രാൻസ്’ എന്ന ചിത്രപ്രദർശനത്തിലൂടെ. അഞ്ചുവയസ്സുമുതൽ പ്രകൃതിയോടും മൃഗങ്ങളോടുമുള്ള വല്ലാത്തൊരു ഇഷ്ടമാണ് സ്മിതയെ ഇത്തരം ചിത്രങ്ങൾ വരയ്ക്കാൻ പ്രേരിപ്പിച്ചത്.

ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ഒരുക്കിയിരിക്കുന്ന പ്രദർശനത്തിൽ 34 ചിത്രങ്ങളാണുള്ളത്. കണ്ണൂർ മാട്ടൂൽ കുടുംബാരോഗ്യകേന്ദ്രത്തിലെ സീനിയർ നഴ്‌സിങ് ഓഫീസറായി സേവനമനുഷ്ഠിക്കുന്ന സ്മിതയുടെ ചിത്രത്തിൽ ഗർഭിണികളും കടന്നുവരുന്നുണ്ട്. ഒരു സ്ത്രീക്കുമാത്രമേ മറ്റൊരു സ്ത്രീയെ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂവെന്നല്ലേ പറയാറ്. അതുകൊണ്ടാകണം കൂടുതലും സ്ത്രീകൾ തന്റെ വരയിൽ തെളിഞ്ഞുവരാൻ കാരണമെന്ന് സ്മിത പറഞ്ഞു. ഇന്ത്യക്കകത്തും പുറത്തും ഗ്രൂപ്പായും ഒറ്റയ്ക്കും ഒട്ടേറെ പ്രദർശനങ്ങൾ നടത്തി. അക്രലിക്, ഓയിൽ എന്നിവയ്ക്കുപുറമേ പേനകളും ഉപയോഗിച്ചാണ് ചിത്രം വരച്ചിരിക്കുന്നത്. പൂച്ചകളെ ഒരുപാട് ഇഷ്ടപ്പെടുന്നതിനാൽ അവയെ താലോലിക്കുന്ന സ്വന്തം ഛായാചിത്രവും കൂട്ടത്തിലുണ്ട്. 1996-ൽ 30 രാഷ്ടീയനേതാക്കളുടെ ഛായാചിത്രങ്ങൾ വരച്ചതിന് മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരിൽനിന്ന് സ്വർണമെഡലും ലഭിച്ചിട്ടുണ്ട്.

ചിത്രപ്രദർശനം സുമയ്യ താഴത്ത് ഉദ്ഘാടനംചെയ്തു. വിനോദ് രോഷ്‌നി അരമന, വിനോദ് പയ്യന്നൂർ, എം.പി. രവീണ, കെ.ഇ. ഉമാദേവി, കെ.ഇ. മഞ്ജുള എന്നിവർ സംസാരിച്ചു. രാവിലെ 11 മുതൽ ഏഴുവരെയാണ് പ്രദർശനം. 16-ന് സമാപിക്കും.

Related Articles

Back to top button