
കോഴിക്കോട് : താമരശ്ശേരി ചുരത്തിലൂടെ യാത്രചെയ്യവേ മൂത്രമൊഴിക്കാനായി ഇറങ്ങി റോഡരികിലേക്കുനീങ്ങിയ യുവാവ് കാൽവഴുതി കൊക്കയിലേക്കുവീണ് മരിച്ചു. വടകര തോടന്നൂർ ഖാദി ബോർഡിനു സമീപം വരക്കൂൽ ചാലിൽമീത്തൽ അമൽജിത്ത് (24) ആണ് മരിച്ചത്. താമരശ്ശേരി ചുരം ഒൻപതാംവളവിനുതാഴെ കുപ്പിക്കഴുത്തിന് സമീപമുള്ള മിനി വ്യൂപോയിന്റിൽ ഞായറാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെയായിരുന്നു അപകടം. പിക്കപ്പ് വാൻ ഡ്രൈവറായ അമൽ സഹപ്രവർത്തകർക്കൊപ്പം വടകരയിൽനിന്ന് വയനാട്ടിലേക്ക് വിനോദയാത്രപോയതായിരുന്നു.
അമൽ ഉൾപ്പെടെ 13 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. വാഹനം ഒൻപതാംവളവിനുതാഴെ നിർത്തിയപ്പോൾ മൂത്രമൊഴിക്കാനായി ഇറങ്ങിയ അമൽ പുതുതായി ഇന്റർലോക്ക് പാകിയ റോഡരികിലേക്കുപോയി. തുടർന്ന് ഉയരക്കുറവുള്ള പാർശ്വഭിത്തിക്കുമുകളിൽ ഇരിക്കവേ കാൽവഴുതി പുറകോട്ടുമലർന്ന് താഴ്ചയിലേക്കുവീണെന്നാണ് ഒപ്പമുണ്ടായിരുന്നവർ പോലീസിനുനൽകിയ മൊഴി.
ചുരം എട്ടാംവളവിനും ഒൻപതാംവളവിനും ഇടയിലെ ദേശീയപാതയോരത്തുനിന്ന് താഴ്ചയിലേക്കുപതിച്ച അമൽജിത്തിനെ ശ്രമകരമായ ദൗത്യത്തിനൊടുവിൽ പുലർച്ചെ മൂന്നരയോടെയാണ് കല്പറ്റയിൽനിന്നെത്തിയ അഗ്നിരക്ഷാസേന കൊക്കയിൽനിന്ന് പുറത്തെത്തിക്കുന്നത്. തലയ്ക്കുൾപ്പെടെ ഗുരുതര പരിക്കേറ്റ അമൽജിത്തിനെ ഉടൻ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അറുപതടിയോളം താഴ്ചയിലേക്കുവീണ അമൽജിത്തിനെ രക്ഷപ്പെടുത്താനായി താഴ്ചയിലേക്കിറങ്ങിയിരുന്ന വിനോദയാത്രസംഘത്തിൽപ്പെട്ട അമൽദാസ്, പ്രസാദ് എന്നിവരെയും അഗ്നിരക്ഷാസംഘമാണ് മുകളിലേക്കെത്തിച്ചത്. സീനിയർ ഫയർ ഓഫീസർ കെ.എം. ഷിബുവിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ. സുരേഷ്, ജിതിൻകുമാർ, ദീപു എന്നിവർ രക്ഷാപ്രവർത്തനം നടത്തി. എസ്.ഐ. ഇ.ജെ. ബെന്നിയുടെ നേതൃത്വത്തിൽ അടിവാരം ഔട്ട് പോസ്റ്റ് പോലീസും താമരശ്ശേരി ഹൈവേപോലീസും രക്ഷാപ്രവർത്തനം നിയന്ത്രിച്ചു. പോലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് എത്തിച്ചു. അമൽജിത്തിന്റെ അച്ഛൻ: സി.എം. രവി. അമ്മ: സുമ തിരുവള്ളൂർ, സഹോദരൻ: അതുൽജിത്ത് (വർക്ക്‌ഷോപ്പ് മെക്കാനിക്ക്).





