
തിരുവനന്തപുരം: പൊലീസിന്റെ കായിക ചുമതലയിൽ നിന്ന് എഡിജിപി എം.ആര്‍ അജിത്കുമാറിനെ മാറ്റി.
പൊലീസ് ഇൻസ്പെക്ടർ റാങ്കിൽ ബോഡി ബിൽഡിങ് താരങ്ങളെ നിയമിക്കുന്നത് വിവാദമായതിനെ തുടർന്നാണ് ചുമതലയിൽ നിന്നും എം.ആര്‍ അജിത്കുമാറിനെ മാറ്റിയത്. പകരം ചുമതല എഡിജിപി എസ്. ശ്രീജിത്തിന് നൽകി.
രണ്ട് ബോഡി ബില്‍ഡിങ് താരങ്ങളെ പൊലീസ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ നിയമിക്കാന്‍ തീരുമാനമുണ്ടായിരുന്നു. ഇതില്‍ ആഭ്യന്തര വകുപ്പ് ഡിജിപിക്ക് കത്ത് അയക്കുകയും മാനദണ്ഡങ്ങളില്‍ ഇളവുവരുത്തികൊണ്ട് നിയമനം നടത്തണം എന്ന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ച പല കായിക താരങ്ങളെയും ഒഴിവാക്കികൊണ്ടാണ് ബോഡി ബില്‍ഡിങ് താരങ്ങളെ നിയമിക്കുന്നത് എന്ന രീതിയിലുള്ള വാര്‍ത്തകള്‍ വന്നത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പ് എം.ആര്‍ അജിത്കുമാറിനെ കായിക ചുമതലയിൽ നിന്ന് മാറ്റിയിരിക്കുന്നത്.