Palakkad

ഗതാഗത മന്ത്രി പറഞ്ഞു പറ്റിച്ചു; സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുമെന്ന് ബസ് ഉടമകൾ

Please complete the required fields.




പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം (Private Bus Strike) തുടരുമെന്ന് ബസ് ഉടമകൾ. യാത്ര നിരക്ക് കൂട്ടാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ബസ് ഉടമകളുടെ സംഘടന വ്യക്തമാക്കി. ഗതാഗത മന്ത്രി പറഞ്ഞു പറ്റിച്ചു എന്നാണ് സംഘടനയുടെ ആരോപണം. സമരം തുടങ്ങി ഇത്ര ദിവസമായിട്ടും ചർച്ചക്ക് പോലും സർക്കാർ തയ്യറാകുന്നില്ലെന്നും ബസ് ഉടമകള്‍ വിമര്‍ശിക്കുന്നു.

പരീക്ഷാ കാലത്ത് വിദ്യാർത്ഥികളെ ബുദ്ധിമുട്ടിച്ചെന്ന് പറയുന്ന ഗതാഗത മന്ത്രി കെഎസ്ആര്‍ടിസിയിൽ സൗജന്യ യാത്ര അനുവദിക്കുന്നുണ്ടോ എന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ വാർത്താ സമ്മേളനത്തില്‍ ചോദിച്ചു. ഗതാഗത മന്ത്രിയുടെ പിടിവാശിയിലുണ്ടായ സമരമാണിത്. നിരക്ക് വർധന എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. വൈകാതെ നിരക്ക് കൂട്ടുമെന്ന് പറഞ്ഞിട്ട് ഗതാഗത മന്ത്രി വാക്കുപാലിച്ചില്ലെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ വിമര്‍ശിച്ചു.

നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടരുകയാണ്. പലയിടത്തും കൃത്യ സമയത്ത് ബസ് കിട്ടാതെ ജനം വലയുകയാണ്. മധ്യ കേരളത്തിലും മലബാർ മേഖലയിലും നാട്ടിൻ പുറങ്ങളിലുമാണ് സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്നത്. ഒന്നു മുതല്‍ 9 വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ തുടങ്ങിയതിനാല്‍ സമരം വിദ്യാര്‍ത്ഥികളെയും സമരം ബാധിച്ചിട്ടുണ്ട്. ഈ മാസം 30 ന് എല്‍ഡിഎഫ് യോഗത്തിന് ശേഷം മാത്രമേ നിരക്ക് വര്‍ധനയില്‍ തീരുമാനമുണ്ടാകൂ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ. കൊവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ധ സമിതി ശുപാർശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നവംബർ മാസം തന്നെ മിനിമം ചാർജ് 10 രൂപായാക്കാൻ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല.  രാമചന്ദ്രൻ നായർ ശുപാർശ പരിഗണിച്ചുള്ള മാറ്റം ഉണ്ടാകുമെന്ന സൂചന നൽകുമ്പോഴും എപ്പോൾ മുതൽ എന്നതിൽ തീരുമാനം വൈകുകയാണ്.

വിലക്കയറ്റത്തിനിടയിൽ ബസ് ചാർജ് വർധന സാധാരണക്കാർക്ക് ഇരട്ട പ്രഹരമാകുമെന്ന വിലയിരുത്തലാണ് സർക്കാരിനെ കുഴപ്പിച്ചത്. എന്നാൽ കണ്‍സെഷൻ നിരക്ക് വർധിപ്പിക്കുമെന്ന സൂചന നൽകി വീണ്ടും ചർച്ചകൾ സജീവമാക്കിയതും ഗതാഗത മന്ത്രിയാണ്. ചാർജ് വർധനയിൽ എൽ ഡി എഫി ന്‍റെ അനുമതിയും വൈകുകയാണ്. വരും ദിവസങ്ങളിൽ ഓട്ടോ ടാക്സി പണി മുടക്കും തുടങ്ങിയേക്കും.

Related Articles

Leave a Reply

Back to top button